
അഗളി: പാടവയൽ കുറുക്കത്തിക്കല്ല് വനമേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 175 കഞ്ചാവ് ചെടികൾ കണ്ടെത്തി. മൂന്നുമാസം പ്രായമുള്ള 91 ചെടികളും ഒരുമാസം പ്രായമുള്ള 84 ചെടികളും അടങ്ങിയ 25 തടങ്ങളിലായാണ് കഞ്ചാവ് വളർത്തിയിരുന്നത്. കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല.
ഒരിടവേളയ്ക്ക് ശേഷം വനമേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമാകുന്നു എന്ന രഹസ്യ വിവരം ഊരുകളിൽ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം മേഖലയിൽ നിന്ന് 420 കഞ്ചാവ് ചെടികൾ അടങ്ങിയ വലിയൊരു തോട്ടം കണ്ടെത്തിയിരുന്നു.
ഇൻസ്പെക്ടർ രജനീഷ്, പി.ഒ.മാരായ എം.യൂനസ്, എം.എസ്.മിനു, ഷാനവാസ്, മണികുട്ടൻ, സി.ഇ.ഒമാരായ ആർ.പ്രദീപ്, ഡ്രൈവർമാരായ വിഷ്ണുഗിരി, സത്താർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.