
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബൂത്തുകളുടെ എണ്ണം കൂടും. വോട്ടർമാരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ 357 ബൂത്തുകളാവും അധികമായി ക്രമീകരിക്കുക. 2014ൽ സംസ്ഥാനത്താകെ 34,423 ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി 34,780 ബൂത്തുകളുണ്ടാവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ പറഞ്ഞു.
2015ലെ പോലെ വോട്ടെടുപ്പ് രണ്ട് ഘട്ടമായി നടത്തണോ, ഒറ്റ ഘട്ടത്തിൽ പൂർത്തിയാക്കാമോ എന്നതിൽ നവംബർ ആദ്യത്തോടെ തീരുമാനമാകും. ഒരു ദിവസം കൊണ്ട് 14 ജില്ലകളിലും വോട്ടെടുപ്പ് പൂർത്തിയാക്കാനാവശ്യമായ പൊലീസ് സേനയെ വിട്ടുനൽകാനാകുമോയെന്ന് സംസ്ഥാന പൊലീസ് മേധാവിയുമായി കമ്മിഷൻ ചർച്ച നടത്തിയ ശേഷമാകും ഇതിൽ അന്തിമതീരുമാനം. കഴിഞ്ഞ തവണ നവംബർ രണ്ടിനും അഞ്ചിനുമായിട്ടായിരുന്നു വോട്ടെടുപ്പ്. ഏഴ് ജില്ലകളിൽ വീതമാണ് ഓരോ ഘട്ടത്തിലും തിരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം, തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചോടെ എത്തുമെന്ന കണക്കുകൂട്ടലിൽ രാഷ്ട്രീയപാർട്ടികളെല്ലാം ഒരുക്കങ്ങൾ സജീവമാക്കി. സി.പി.എമ്മും ബി.ജെ.പിയും മലബാറിൽ മുസ്ലിം ലീഗുമുൾപ്പെടെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നുകഴിഞ്ഞു. കോർപ്പറേഷനുകളിൽ മേയർ സ്ഥാനാർത്ഥികൾ ആരാവണമെന്നതാണ് പാർട്ടികളിലെല്ലാം ഇപ്പോഴത്തെ പ്രധാന ചർച്ച.
തദ്ദേശ ഇലക്ഷനിൽ കൊവിഡ്
വരുത്തിവച്ച ചെലവ് 12 കോടി
പി.എച്ച്. സനൽകുമാർ
# മൊത്തം തിരഞ്ഞെടുപ്പ് ചെലവ് 180കോടി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ഉറപ്പാക്കി നടത്തുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ സാനിറ്റൈസറും കൈയ്യുറകളും മാസ്കും മറ്റ് അനുബന്ധ സാധനങ്ങളും വാങ്ങാൻ മാത്രം വേണം 12കോടി രൂപ. മൊത്തം തിരഞ്ഞെടുപ്പ് ചെലവ് 180 കോടിയാണ്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി സാനിറ്റൈസർ, മാസ്ക്, കൈയ്യുറകൾ, തെർമൽസ്കാനർ, ബൂത്തുകൾ അണുവിമുക്തമാക്കാനുള്ള വസ്തുക്കൾ തുടങ്ങിയവ വാങ്ങുന്നതിന് സംസ്ഥാന മെഡിക്കൽ സർവീസസ് കോർപറേഷനാണ് കരാർ നൽകിയത്. ഇതിനാണ് ഏകദേശം 12കോടി രൂപ.
വോട്ടിംഗ് യന്ത്രങ്ങൾ
ഏറ്റെടുത്തു
കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ കസ്റ്റഡിയിലായിരുന്ന വോട്ടിംഗ് യന്ത്രങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുത്തു.
ഒരു ബൂത്തിൽ രണ്ടെണ്ണം എന്ന ക്രമത്തിൽ എഴുപതിനായിരത്തോളം വേണ്ടിവരും.
കരുതലായി 8000 വോട്ടിംഗ് യന്ത്രങ്ങളും ഉണ്ട്. ഇവയുടെ ഫസ്റ്റ് ലെവൽ ടെസ്റ്റിംഗ് ഹൈദരാബാദിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഇന്നലെ പൂർത്തിയായി.
നോമിനേഷൻ ഫോറം, 2 എ ഫോറം, എന്നിവ അച്ചടിക്കാൻ തുടങ്ങി.പോളിംഗിനുള്ള രണ്ടുലക്ഷം ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി. റിട്ടേണിംഗ് ഒാഫീസർമാരുടെ പരിശീലനം ഇനിയാണ്.
സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞു. പ്രസിഡന്റ് ,ചെയർമാൻമാരുടെ സംവരണ പട്ടികയുടെ നറുക്കെടുപ്പ് അടുത്തയാഴ്ച നടത്തും.
വോട്ടർ പട്ടിക
പേരുചേർക്കൽ
വോട്ടർപട്ടികയിൽ പേരുചേർക്കാനും ഉൾപ്പെടുത്താനും തിരുത്താനും ഒക്ടോബർ 31വരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. നിലവിൽ 180 ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ 2.67കോടി വോട്ടർമാരുണ്ട്.
മൊത്തം വോട്ടർമാർ - 267,24501
പുതിയത് - 1479541
# മൊത്തം വാർഡുകൾ: 21865
ഗ്രാമ പഞ്ചായത്ത് : 941
ബ്ളോക്ക് പഞ്ചായത്ത്: 152
ജില്ലാപഞ്ചായത്ത് :14
മുനിസിപ്പാലിറ്റി : 86
കോർപറേഷൻ: 6