k-m-basheer

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പൊലീസ് ഹാജരാക്കാത്തതിനാൽ കോടതി അതൃപ്തി അറിയിച്ചു. അടുത്ത മാസം 12 ന് തെളിവുകൾ ഹാജരാക്കാൻ ജുഡിഷ്യൽ ഫസ്റ്ര് ക്ളാസ് മജിസ്ട്രേറ്റ് എ.അനീസ കർശന നിർദ്ദേശം നൽകി.

കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുൻപ് കുറ്റപത്രത്തോടൊപ്പമുള്ള എല്ലാ രേഖകളുടെയും പകർപ്പ് പ്രതികൾക്ക് ലഭ്യമാക്കിയിരിക്കണമെന്നാണ് ക്രിമിനൽ നടപടിച്ചട്ടം. എന്നാൽ കുറ്റപത്രം സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇവ പൊലീസ് ഹാജരാക്കിയിട്ടില്ല. ഇതിനാൽ വിചാരണ നടപടികളും നീളുകയാണ്.

പ്രതികൾ രേഖകളുടെ സമ്പൂർണ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് നേരത്തേ കോടതിയെ വാക്കാൽ അറിയിച്ചപ്പോഴും രേഖകൾ ഹാജരാക്കാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന്

പ്രതികൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയിൽ ഹർജിയും നൽകിയിരുന്നു.

കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ നജീമും കോടതിയിൽ ഹാജരായിരുന്നില്ല.