
തിരുവനന്തപുരം: വിദേശ കാർഗോ വിമാനങ്ങളെ ആറ് വിമാനത്താവളങ്ങളൊഴികെ മറ്റിടങ്ങളിലെല്ലാം നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തിന്റെ കയറ്റുമതിയുടെ നടുവൊടിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരോധനം അടിയന്തരമായി പിൻവലിക്കണം. ഡൽഹി, മുംബയ്, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗലുരു എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ കാർഗോ വിമാന സർവീസുള്ളത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമുള്ള എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നിവയുടെ കാർഗോ സർവീസ് നിലച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ 80 ശതമാനം ഇടിവുണ്ടായി. കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ കിട്ടാതെ വിദേശമലയാളികളും പ്രതിസന്ധി നേരിടുകയാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.