kovalam

കോവളം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധികദൂരം യാത്ര ചെയ്യാതെ തീരക്കടലിൽ നിന്ന് കൂടുതൽ മീൻപിടിക്കുന്നതിന് കൃത്രിമപാര് പദ്ധതിയുമായി തീരദേശ വികസന കോർപറേഷൻ. മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ജില്ലയിലെ തീരക്കടൽ കഴിഞ്ഞ് നിക്ഷേപിച്ച മീൻകൂട് (കൃത്രിമാപാര്) പദ്ധതി വിജയിച്ചതായി തീരദേശ വികസന കോർപ്പറേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ജില്ലയിലെ പൊഴിയൂർ മുതൽ പുതുക്കുറിച്ചിവരെയുളള എട്ടോളം മത്സ്യഗ്രാമങ്ങളെ ബന്ധപ്പെടുത്തിയുളളതാണിത്. പുതുക്കുറിച്ചി, വലിയതുറ, മരിയനാട്, ബീമാപളളി, അടിമലത്തുറ, കൊച്ചുതുറ, പുതിയതുറ, പരുത്തിയൂർ, കൊല്ലംകോട്, എന്നിവിടങ്ങളിലാണ് കോൺക്രീറ്റിൽ നിർമ്മിച്ച കൃത്രിമപാരുകൾ കടലിലിട്ടത്. പുന്തുറ, ബീമാപളളി , വലിയതുറ എന്നിവിടങ്ങളിലെ തീരക്കടലിൽ വീണ്ടും പാര് നിക്ഷേപിക്കും. ഇതിനുളള കോൺക്രീറ്റ് പാരുകളുടെ നിർമ്മാണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. സസ്യജന്തുപ്ലവകങ്ങളുടെ സാനിധ്യം ഉണ്ടായതോടെ ധാരാളം ചെറുമീനുകൾ പാരിൽ തങ്ങുന്നുണ്ടെന്നും പഠനം പറയുന്നു. ഇവയെ തീറ്റതേടാൻ മറ്റ് ഇടത്തരം മീനുകളുമെത്തുന്നതിനാൽ പാരുകൾക്കുളളിലും പുറത്തുമായി എപ്പോഴും മത്സ്യകൂട്ടം ഉളളതായും പഠന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാരുകളിട്ട ഭാഗത്ത് മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ അത്യാധുനിക കാമറകൾ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയിരുന്നു. ഇവയെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മൂന്നുവർഷം മുമ്പ് 250 എണ്ണവും പിന്നീട് ഒരു വർഷത്തിന് ശേഷം 300 എണ്ണവുമടക്കം 550പാരുകളാണ് കടലിലിട്ടത്. ഇവയിലെല്ലാം ആമാടപെട്ടികളുടെ രൂപത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. സൂര്യപ്രകാശം കടക്കാനും മീനുകൾ തടസമില്ലാതെ ഉളളിലേക്ക് കയറുന്നതിനും കഴിയുന്ന രീതിയിലാണ് കൃത്രിമ പാരുകൾ നിർമ്മിച്ചിട്ടുള്ളത്. ഇടത്തരം മീനുകൾക്ക് വലിയമീനുകളുടെ കണ്ണിൽപ്പെടാതെ ഇരിക്കാൻ ഉതകുന്ന രീതിയിലാണ് പാരുകളുടെ നിർമ്മാണം. പദ്ധതി വിജയകരമായതോടെ വീണ്ടും കൃത്രിമ പാരുകൾ കടലിൽ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഫിഷറീസ് വകുപ്പ് അധികൃതർ.

 കൂടുതൽ പാരുകൾ സ്ഥാപിക്കും

ക്രിതൃമപാര് പദ്ധതി വിജയമായതോടെ 840 ക്രിത്രിമ പാരുകൾ കൂടി ജില്ലയിലെ കടലിൽ സ്ഥാപിക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചു. ഒരു കോടി അൻപത്തിയഞ്ച് ലക്ഷത്തിനാൽപ്പതിനായിരം രുപയാണ് വലിയതുറ, ബീമാപളളി, പൂന്തുറ എന്നിവിടങ്ങളിൽ പാര് നിക്ഷേപിക്കുന്നതിനായി ചെലവിടുക. തീരദേശ വികസന കോർപ്പറേഷനാണ് സാങ്കേതിക സഹായവും കോൺക്രീറ്റ് പാരുകളുടെ നിർമ്മാണവും നടത്തുകയെന്ന് ചീഫ് എൻജിനിയർ മുഹമ്മദ് അൻസാരി പറഞ്ഞു. ഒരു മത്സ്യഗ്രാമത്തിന് 280 പാരുകളാണ് കടലിടുക. ഇത്തരത്തിൽ മൂന്നിടത്തുമായി 840 എണ്ണം കടലിലിടും. മാർച്ചിലാണ് ഇവ കടലിലിടുക ജില്ലയിലെ മറ്റ് മത്സ്യഗ്രാമങ്ങളായ കൊല്ലംകോട്, പരുത്തിയൂർ, പൂവാർ, പളളം, കൊച്ചുതുറ, പുതിയതുറ, അടിമലത്തുറ, വലിയതുറ എന്നിവിടങ്ങളിൽ മാർച്ചിൽ മറ്റൊരു പദ്ധതിയുടെ ഭാഗമായും പാരുകളിടുമെന്ന് അധികൃതർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ജോലിചെയ്യാൻ പ്രാപ്തരുമായ 50 സ്ത്രീകളെയും കോൺക്രീറ്റ് പാരുകൾ നിർമ്മിക്കാൻ നിയോഗിക്കുക.