admission

തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും. www.polyadmission.org ൽ ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും നൽകി 'check your allotment', 'check your Rank' എന്നീ ലിങ്കുകൾ വഴി അലോട്ട്മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ നവംബർ രണ്ട് നാലിനകം ചെയ്യണം. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം. ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർക്ക് അലോട്ട്മെന്റ് കിട്ടിയ കോളേജിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാം. അങ്ങനെ ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും.
നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായവർക്ക് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ഫീസടച്ച് അഡ്മിഷൻ നേടാം. ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് നിലനിറുത്തി ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ്/ എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന ഏതെങ്കിലും അലോട്ട്മെന്റുകളിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും.
അവസാനത്തെ അലോട്ട്മെന്റ് ലിസ്റ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകർ നിർബന്ധമായും ലഭിച്ച കോളേജിൽ ചേരണം. അല്ലാത്തപക്ഷം അലോട്ട്മെന്റ് റദ്ദാകും. ഇപ്പോൾ ലഭിച്ച അലോട്ട്മെന്റിൽ താത്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.