കിളിമാനൂർ :തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 11ന് പൂർത്തിയാകുന്നതോടെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഭരണ സമിതിക്കാകും ചുമതല. കാലാവധി പൂർത്തിയാകും മുമ്പേ അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകളുടെ തിരക്കിലാണ് ഭരണസമിതികൾ.

കൊവിഡ് മൂലം ജീവനക്കാർ ക്വാറന്റൈനിൽ പോകേണ്ട സ്ഥിതി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച വിവിധ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ കരാർ ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം വരുംമുമ്പേ തുടങ്ങാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

വാർഷിക പദ്ധതികൾ ഏപ്രിൽ 1 മുതൽ മാർച്ച്‌ 31 വരെയുള്ള കാലയളവിലാണ് നടപ്പാക്കേണ്ടത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വാർഷിക പദ്ധതികൾക്കെല്ലാം മിക്ക പഞ്ചായത്തുകളും വേഗത്തിൽ അംഗീകാരം നേടിയിട്ടുണ്ട്. കുടിവെള്ള പദ്ധതികൾ,റോഡ് നിർമ്മാണം,പുനരുദ്ധാരണം,കെട്ടിട നിർമ്മാണം തുടങ്ങി പഞ്ചായത്തുകളിൽ നടക്കുന്ന പ്രധാന നിർമ്മാണ പദ്ധതികളുടെ ടെൻഡർ നടപടികൾ എല്ലാം പൂർത്തീകരിച്ചു. കരാർ നൽകുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറണം. പഞ്ചായത്ത്‌ കമ്മിറ്റി യോഗങ്ങളുടെയും മറ്റും മിനിട്സും പൂർത്തിയാക്കണം.