
തിരുവനന്തപുരം: കൂടുതൽ ഗവ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 29 സർക്കാർ കോളേജുകൾക്കാണ് നാക് അക്രഡിറ്റേഷനുള്ളത്. ഇത്തരത്തിൽ ഉയർന്ന ഗ്രേഡുള്ള സ്ഥാപനങ്ങൾക്കാണ് റൂസ ഫണ്ട് ലഭിക്കുക. കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാഡമിക് വികസനത്തിനും കിഫ്ബിയിൽ നിന്ന് 700കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി.
ശ്രീനാരായണ ഗുരുവിന്റെ പേരിൽ വിദൂരവിദ്യാഭ്യാസത്തിനു മാത്രമായി സർവകലാശാല ആരംഭിച്ചു. മലയാളം സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തു. സർക്കാർ ആർട്‌സ് കോളേജുകളിൽ 562 അദ്ധ്യാപകരെയും 436 അനദ്ധ്യാപകരെയും നിയമിച്ചു. അദ്ധ്യാപക, അനദ്ധ്യാപക വിഭാഗങ്ങളിലായി 400 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
സംസ്ഥാനത്ത് പുതിയ മൂന്ന് സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളും അഞ്ച് എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളും ആരംഭിച്ചു. വിവിധ സർക്കാർ കോളേജുകളിലായി 59 ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങി. സ്വാശ്രയ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ അനുവദിച്ചു. ഇതിലൂടെ ബിരുദ, ബിരുദാനന്തരതലത്തിൽ 20000 സീറ്റുകളുടെ വർദ്ധനവുണ്ടായി.