congress-office-kerala

തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മറികടക്കുന്നതിന് എൻ.ഡി.എയിലെയും, ഇടതുമുന്നണിയിലെയും അസംതൃപ്തരെ അടർത്തിയെടുക്കാൻ യു.ഡി.എഫ് നീക്കം ശക്തിപ്പെടുത്തി.കേരള കോൺഗ്രസ്- പി.സി. തോമസ് വിഭാഗമടക്കമുള്ള ചെറുഗ്രൂപ്പുകളുടെ യു.ഡി.എഫിലേക്കുള്ള വരവ് ഉറപ്പാക്കിയിരിക്കെ, ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമേർപ്പെടുത്താനുള്ള സർക്കാർ തീരുമാനവും ചർച്ച ചെയ്യും. മുസ്ലിംലീഗ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത് കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കോൺഗ്രസ് പൊതുവിൽ സാമ്പത്തിക സംവരണത്തിന് അനുകൂലമാണ്.പി.സി. ജോർജിന്റെ ജനപക്ഷം യു.ഡി.എഫിന്റെ ഭാഗമാകാൻ ശ്രമിക്കുന്നെങ്കിലും കോട്ടയം ജില്ലയിലടക്കം പ്രാദേശികമായി കോൺഗ്രസിൽ ഇതിനോട് എതിർപ്പുള്ളത് വിനയാണ്. തമ്പാൻ തോമസ് നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയും യു.ഡി.എഫ് പ്രവേശം ഉറപ്പാക്കി..

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏതാനും ചെറുകക്ഷികളെ അടർത്തിയെടുത്ത് ഇടതുമുന്നണിയുടെ രാഷ്ട്രീയപ്രചാരണത്തിന് മറുപടി നൽകാനാണ് ശ്രമം. ജനതാദൾ-എസ്, ലോക് താന്ത്രിക് ജനതാദൾ കക്ഷികൾ തമ്മിൽ ലയനചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇരുപാർട്ടികളിലും ലയനത്തോട് അതൃപ്തിയുള്ളവരെ യു.ഡി.എഫിലേക്കടുപ്പിക്കാൻ നീക്കമുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ ആദ്യവാരം വരുമെന്നിരിക്കെ, അതിനുള്ള മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും.