
തിരുവനന്തപുരം: ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നൽകിയ ഭൂമിയിൽ പട്ടയരേഖകൾ നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്ര് നൽകാനുള്ള ഉത്തരവിൽ തെറ്റ് പറ്റിയെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് സമ്മതിച്ചു.
ഇലക്ട്രോണിക് ഫയൽ കൈകാര്യം ചെയ്യുന്നതിലാണ് തെറ്റ് പറ്റിയത്. പട്ടയം കിട്ടിയതിനനുസരിച്ച് റവന്യൂ , സർവേ റെക്കാഡുകളിൽ മാറ്റം വരുത്തിയ കേസുകളിൽ മാത്രം നിജസ്ഥിതി രേഖ നൽകിയാൽ മതിയെന്നാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദ്ദേശിച്ചിരുന്നത്. തെറ്റ് പറ്റിയതായി കണ്ടതോടെ,ഇതുസംബന്ധിച്ച് ഫയൽ വിളിപ്പിക്കാൻ മന്ത്രി ഉത്തരവിട്ടു.
പുതിയ ഉത്തരവ് പ്രകാരം ഇടുക്കിയിലെയും മറ്റും വ്യാജപട്ടയങ്ങൾ സാധൂകരിക്കാനും വ്യാജപട്ടയങ്ങളെ വെളുപ്പിക്കാനും ഇതിന് കൂട്ടുനിന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ സമ്പാദിക്കാനും കഴിയുമെന്ന് ആരോപണമുയർന്നിരുന്നു.