കൊച്ചി: ആഴ്ചകളായി തുടരുന്ന അദ്ധ്യാപകസമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്നും കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ. കഴിഞ്ഞദിവസം കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേറ്റ് മാനേജർമാരുടെയും ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളുടെയും സംയുക്തയോഗം സമരപരിപാടികൾ കൂടുതൽ ഊർജിതപ്പെടുത്താനും അനിശ്ചിതകാല ഉപവാസസമരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു.

എയ്ഡഡ് മേഖലയിലെ മറ്റു അദ്ധ്യാപക-മാനേജുമെന്റ് കൂട്ടായ്‌മകളെയും സമാനമനസ്കരായ സമുദായ സംഘടനകളേയും യോജിപ്പിച്ചുകൊണ്ടായിരിക്കും സമരം ശക്തിപ്പെടുത്തുന്നത്. യോഗത്തിൽ കെ.സി.ബി.സി വിദ്യാഭ്യാസകമ്മീഷൻ സെകട്ട്രറി ഫാ. ചാൾസ് ലിയോൺ, ഫാ. ജോസ് കരിവേലിക്കൽ, കോർപ്പറേറ്റ് മാനേജർമാരായ മോൺ. വർക്കി ആറ്റുപുറത്ത്, ഫാ. സ്റ്റാൻലി കുന്നേൽ, ഫാ. മെെക്കിൾ ഡിക്രൂസ്, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളായ സാലു പതാലിൽ, ജോഷി വടക്കൻ, ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.