
ആലപ്പുഴ: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ ഡോക്ടറുടെ മാല ബൈക്കിൽ എത്തി പൊട്ടിച്ച കേസിൽ രണ്ടു യുവാക്കളെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കണ്ടല്ലൂർ പഞ്ചായത്ത് 5-ാം വാർഡിൽ പുതിയവിള ശിവ ഭവനത്തിൽ ശ്യാം (27), കണ്ടല്ലൂർ പഞ്ചായത്ത് 7- വാർഡിൽ കണ്ടല്ലൂർ വടക്ക് സാധുപുരത്ത് വീട്ടിൽ രാഹുൽ നാഥ് (22) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 19ന് ഉച്ചക്ക് ജോലികഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ആയുർവേദ ഡോക്ടർ വള്ളികുന്നം പള്ളിവിള ജംഗ്ഷനിൽ എത്തിയപ്പോൾ പ്രതികൾ ഇരുവരും ബൈക്കിൽ എത്തി ഡോക്ടർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞു നിർത്തിയശേഷം കഴുത്തിൽ അണിഞ്ഞിരുന്ന ആറരപ്പവന്റെ മാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ വള്ളികുന്നം പൊലീസിന് പ്രതികളെക്കുറിച്ച് ഒരു സൂചനയും ആദ്യം ലഭിച്ചില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലേയും സി.സി ടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കായംകുളത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിന്റെ നമ്പർ പ്ളേറ്റ് ഒരുഭാഗം മറച്ച് വച്ച് മാവേലിക്കര ഭാഗത്തേക്ക് പോയതായി മനസിലാക്കി. പിന്നീട് അന്വേഷണ സംഘം ബൈക്ക് പോയ പാത പിന്തുടർന്നു. ഇന്നലെ മാവേലിക്കര ഭാഗത്ത് വെച്ച് ശ്യാമിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് രാഹുൽനാഥും ഒപ്പമുണ്ടായിരുന്നതായി അറിഞ്ഞത്. വള്ളികുന്നം സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും വനിത ഡോക്ടർ തിരിച്ചറിഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ. കായംകുളം, കനകക്കുന്ന് സ്റ്റേഷനുകളിൽ നിരവധി കേസിൽ പ്രതികളാണെന്ന് അറിഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഡിവൈ എസ്.പി പി.വി.ബേബിക്ക് ഒപ്പം വള്ളികുന്നം സി.ഐ. ഡി.മിഥുൻ, എസ്.ഐ. ഷഫീക്ക്, എ.എസ്.ഐമാരായ അമീർഖാൻ, നിസാം, സുരേഷ്, സീനിയർ സി.പി.ഒമാരായ സജൻ, സന്തോഷ് ,സി.പി.ഒമാരായ രതീഷ്, മനീഷ് മോഹൻ, സനൽ, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.