
തിരുവനന്തപുരം: കടൽ കവർന്നെടുത്ത വിമാനത്താവളം ശംഖുംമുഖം ബീച്ച് റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചു. ആദ്യഘട്ടമായി ഡയഫ്രംവാളിന്റെ നിർമ്മാണമാണ് തുടങ്ങിയത്. മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിച്ച് ഒരുമാസം കഴിഞ്ഞിട്ടും ജോലികൾ ആരംഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. തുടർന്ന് കടൽക്ഷോഭം മാറിയാൽ ജോലികൾ ആരംഭിക്കുമെന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി വ്യക്തമാക്കിയിരുന്നു. എസ്‌കവേഷൻ അടക്കമുള്ള കാര്യങ്ങളാണ് നിലവിൽ ആരംഭിച്ചത്. തീരറോഡിനെ കടലാക്രമണത്തിൽ നിന്നു സംരക്ഷിക്കുന്നതിന് നൂതന സാങ്കേതികവിദ്യയായ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മിച്ച് ആങ്കർ ചെയ്‌ത് 260 മീറ്റർ നീളത്തിലും 50 സെന്റിമീറ്റർ കനത്തിലും 8 മീറ്റർ താഴ്ചയിലുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. ഇതോടൊപ്പം ഏഴര മീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയും നിർമ്മിക്കും. പദ്ധതി പൂർത്തിയാൽ ഒരു തരത്തിലുള്ള കടലാക്രമണവും റോഡിനെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ വിശദീകരണം. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്.