police

തിരുവനന്തപുരം: ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് നടന്ന അവയവ മാറ്റങ്ങളുടെ സമ്പൂർണ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. മുൻവർഷങ്ങളിൽ അവയവം നൽകിയവരുടെയും സ്വീകരിച്ചവരുടെയും വിവരങ്ങൾ തേടി ആരോഗ്യ വകുപ്പ് ഡയറക്ടർ അദ്ധ്യക്ഷനായ സമിതിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി.

തൃശൂർ കൊടുങ്ങല്ലൂരിൽ നിരവധി പേർ അവയവദാനത്തിലൂടെ തട്ടിപ്പിന് ഇരയായതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 35 അനധികൃത അവയവ കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് സംശയം.

സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയല്ലാതെയുള്ള അവയവദാനത്തിന് വിലക്കുള്ളപ്പോഴാണ് അവയവക്കച്ചവടം നടത്തി കോടികൾ കൊയ്യുന്ന മാഫിയ സജീവമായത്. പാവപ്പെട്ടവരെ കണ്ടെത്തി അവയവദാനത്തിനു പ്രേരിപ്പിക്കാൻ ഏജന്റുമാർ ആളുകളെ നിയോഗിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി.. അനധികൃത ഇടപാടിലൂടെ അവയവങ്ങൾ സ്വീകരിച്ചവരിൽ തമിഴ്നാട്ടുകാരുമുണ്ട്. വൃക്ക മാറ്റിവയ്‌ക്കാൻ 1660 പേർ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഏജന്റുമാർ അനധികൃത അവയവകൈമാറ്റം നടത്തുന്നത്.

ആശുപത്രികൾ തമ്മിൽ അവയവ കൈമാറ്റം പാടില്ലാത്തതാണ്. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ രോഗിയുടെ പേര് രജിസ്റ്റർ ചെയ്യുന്നത് ആശുപത്രികളാണ്. തിരുവനന്തപുരം മെഡിക്കൽകോളേജിലെ ട്രാൻസ്‌പ്ലാന്റ് കോ-ഓർഡിനേറ്റർ വഴിയേ അവയവദാനം നടത്താനാവൂ. . കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇതിന്റെ മൂന്നിരട്ടിയിലധികം അവയവമാ​റ്റം നടന്നിട്ടുണ്ടെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച്. രജിസ്​റ്റർ ചെയ്ത കേസിൽ ആരെയും പ്രതിയാക്കിയിട്ടില്ല.


അവയവമാറ്റം കേരളത്തിൽ

(വർഷം, അവയവദാതാക്കൾ, ഉപയോഗിച്ച അവയവങ്ങൾ )

2012------9--------22
2013------36--------88
2014------58--------156
2015------76--------218
2016------72--------199
2017------18--------60
2018------8--------20
2019------19--------53
2020------18--------49