dd

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ റിമാൻഡിലുള്ള പ്രതിശ്രുതവരൻ ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഹാരിസ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് റംസിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാരിസിന്റെ മാതാവ് ആരിഫാ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും സീരിയൽ നടയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്ക് നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഇതിനെതിരെയുള്ള ക്രൈം ബ്രാഞ്ച് അപ്പീലിൽ ഹൈക്കോടതി കുടുംബാംഗങ്ങൾക്ക് നോട്ടീസ് അയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലിൽ നടിയും കൂട്ടരും അടുത്ത മാസം 11നകം വിശദീകരണം നൽകണമെന്നാണ് നോട്ടീസ്. നടിയുൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥ‌ർ വെളിപ്പെടുത്തി. കോടതി നടപടികൾ പൂർത്തിയായ ശേഷം മതി തുടരന്വേഷണമെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് കൈപ്പറ്റിയ നടിയും കൂട്ടരും നിയമനടപടികൾക്കായി അഭിഭാഷകനെ സമീപിച്ചിരിക്കുകയാണ്. നോട്ടീസിൽ പ്രതികളുടെ വിശദീകരണത്തിന് ശേഷം കേസിന്റെ തുടർ നടപടികളിൽ ഹൈക്കോടതി തീരുമാനമെടുക്കും.