
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് കൃത്യതയും വേഗതയും കൂട്ടാൻ ഒരു മണിക്കൂറിൽ ഫലം അറിയാൻ സാധിക്കുന്ന ഫെലുദ പരിശോധന ആരംഭിക്കും. നിലവിൽ കൃത്യതയുള്ള ആർ.ടി.പി.സി.ആർ പരിശോധനാഫലം ലഭിക്കാൻ അഞ്ചു മണിക്കൂർ വേണം. ഫെലുദ മെഷീൻ സ്ഥാപിക്കാൻ 25,000 രൂപ ചെലവ് വരും. 500 രൂപയാണ് ചാർജ് പ്രതീക്ഷിക്കുന്നത്. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 2100 രൂപയാണ് ഈടാക്കുന്നത്. ഫെലുദ കിറ്റുകൾ വാങ്ങാൻ മെഡിക്കൽ സർവീസ് കോർപറേഷൻ നടപടി തുടങ്ങി. ദക്ഷിണേന്ത്യൽ കിറ്റിന്റെ വിതരണക്കാരായ തിരുപ്പൂരിലെ കമ്പനിയുമായി ചർച്ച തുടങ്ങി. ഒരു കിറ്റിനു വേണ്ടിവരുന്ന ചെലവ് ഉൾപ്പെടെ വിശദമായ ക്വട്ടേഷൻ ഇന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷന് കൈമാറും. ഫെലുദ വരുന്നതോടെ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. ഡൽഹി കേന്ദ്രമായ സി.എസ് ഐ.ആറും ടാറ്റയും ചേർന്ന് കണ്ടെത്തിയ നൂതന കൊവിഡ് പരിശോധന സംവിധാനമാണ് ഫെലൂദ. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ലളിതമായ രീതി. മൂക്കിൽ നിന്നുള്ള സ്രവമാണ് ഫെലുദ പരിശോധനയ്ക്കും ആശ്രയിക്കുന്നത്. വൈറസിന്റെ ചെറിയ സാന്നിദ്ധ്യംപോലും കണ്ടെത്താനാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
ഫെലുദ ടെസ്റ്റ്
ക്ലസ്റ്റേഡ് റെഗുലർലി ഇന്റർസ്‌പേയ്‌സ്ഡ ഷോർട് പാലിൻഡ്രോമിക് റിപീറ്റ്‌സ് എന്ന സി.ആർ.ഐ.എസ്.പി.ആർ സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഇന്റസ്റ്റിറ്റ്യൂട്ട് ഒഫ് ജെനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി) വികസിപ്പിച്ചെടുത്ത കൊവിഡ് ടെസ്റ്റ് കിറ്റാണ് ഫെലുദ. എഡിറ്റർ ഡിറ്റക്ഷൻ അസെ എന്നതിന്റെ ചുരുക്കപ്പേരാണിത്. സത്യജിത്ത് റേയുടെ സൃഷ്ടിയായ കുറ്റാന്വേഷകനായ 'ഫെലുദ' എന്ന കഥാപാത്രത്തിന്റെ പേര് അനുസ്മരിപ്പിക്കുന്നതിനാണ് ഈ പേരിട്ടത്.