തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപേ കോർപറേഷൻ വാർഡുകളിൽ കളംപിടിക്കാൻ സ്ഥാനാർത്ഥികൾ രംഗത്ത്. മൂന്നു മുന്നണികളും അഭിമാനപോരാട്ടം കാഴ്ചവയ്ക്കാനൊരുങ്ങുന്ന തലസ്ഥാനത്ത് ആരും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സി.പി.എം ഭൂരിഭാഗം സ്ഥാനാർത്ഥികളെയും തീരുമാനിച്ചു. എൽ.ഡി.എഫിൽ ഘടകക്ഷികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ എല്ലാവരെയും പരിഗണിക്കണമെന്നതിനാൽ സി.പി.എമ്മും സി.പി.ഐയും ചില സീറ്റുകൾ വിട്ടു നൽകേണ്ടിവരും. ഇക്കാര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിനകം ജില്ലാ എൽ.ഡി.എഫ് ചേർന്ന ശേഷം ഉടൻ പ്രഖ്യാപനം നടത്തും. എന്നാൽ അതുവരെ കാത്തുനിൽക്കേണ്ടെന്നും തീരുമാനമായവർ പ്രചാരണ രംഗത്ത് സജീവമാകാനും സി.പി.എം നിർദ്ദേശം നൽകി. യു.ഡി.എഫും ബി.ജെ.പിയും പ്രാരംഭഘട്ടത്തിലാണ്. സി.പി.എമ്മിന് മേയർ സ്ഥാനാർത്ഥിയായി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ.സീമയെയും മഹിളാ അസോസിയേഷൻ നേതാവ് മീനാംബികയുമാണ് പരിഗണനയിലുള്ളത്. ആദ്യഘട്ടത്തിൽ സീമയ്ക്കായിരുന്നു മുൻതൂക്കമെങ്കിൽ സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്തുവരുന്നതോടെ മീനാംബികയുടെ പേരിനാണ് പാർട്ടി കൂടുതൽ പ്രധാന്യം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടെ പരിചയസമ്പത്തുള്ള ഇവരെ പേരൂർക്കടയിൽ മത്സരിപ്പിക്കും. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആര്യ രാജേന്ദ്രൻ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടികയിലെ യുവമുഖങ്ങളിൽ ശ്രദ്ധേയമാണ്. മുടവൻമുകളിൽ ആര്യ സ്ഥാനാർത്ഥിയാകും. ആൾസെയിന്റ്സ് കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർത്ഥിയാണ്. വഞ്ചിയൂർ വാർഡിൽ നിലവിലെ കൗൺസിലർ വഞ്ചിയൂർ ബാബുവിന്റെ മകൾ ഗായത്രി മത്സരരംഗത്തിറങ്ങും. പി.എച്ച്.ഡിക്ക് ചേരാനുള്ള തയ്യാറെടുപ്പിനിടെയാണ് സ്ഥാനാർത്ഥിത്വം. നിലവിലെ മേയർ കെ.ശ്രീകുമാർ കരിക്കകത്ത് മത്സരിക്കും. ബി.ജെ.പിയിൽ നിന്നും വാർഡ് പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാർട്ടി നൽകിയിരിക്കുന്നത്. നിലവിലെ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സി.പി.എം സാന്നിദ്ധ്യമായ പുഷ്പലത വീണ്ടും മത്സരിക്കും. എന്നാൽ ഐ.പി.ബിനുവിന്റെ കുന്നുകുഴി വാർഡ് വനിതാസംവരണമായതോടെ നിലവിൽ ബിനുവിന് സീറ്റില്ല. തിരുമലയിൽ ആർ.പി.ശിവജിയും കടകംപള്ളിയിൽ പി.കെ.ഗോപകുമാറും പേട്ടയിൽ സുജാദേവി .സി.എസും സി.പി.എം സ്ഥാനാർത്ഥികളാകും. ശിവജി നിലവിൽ പുന്നയ്ക്കാമുകളിലെ കൗൺസിലറാണ്. സി.പി.ഐയുടെ സീറ്റുകളിൽ അന്തിമ ധാരണയായിട്ടില്ല. കഴിഞ്ഞതവണ 18സീറ്റിലാണ് മത്സരിച്ചത്. അതേസമയം ഡെപ്യൂട്ടിമേയർ രാഖി രവികുമാർ വഴുതക്കാട് വീണ്ടും ജനവിധി തേടും. മറ്റുള്ളവരുടെ കാര്യത്തിൽ വ്യക്തതയില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തെ ജാഗ്രതയോടെയാണ് സമീപിച്ചിരിക്കുന്നത്. മൂന്നു ദിവസത്തിന് ശേഷമേ ഏകദേശചിത്രം വ്യക്തമാകൂ. മേയർ സ്ഥാനം ലക്ഷ്യമിട്ട് സ്‌പോട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ്, ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് രമണി പി.നായർ എന്നിവരെ രംഗത്തിറക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
പാൽക്കുളങ്ങരയിൽ തർക്കം
പാൽക്കുളങ്ങര വാർഡിലെ സ്ഥാനാർത്ഥിത്വത്തിൽ സി.പി.എമ്മിൽ തർക്കം. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച എസ്.വിജയകുമാരി അടുത്തിടെ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇവിടെ വീണ്ടും വിജയകുമാരിയെ മത്സരിപ്പിച്ച് വാർഡ് പിടിച്ചെടുക്കാമെന്നാണ് മേൽഘടകത്തിന്റെ തീരുമാനം. എന്നാൽ താഴേതട്ടിൽ ഇത് എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ വൈസ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ സൂര്യ സുരേഷിനെ മത്സരിപ്പിക്കണമെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. ബി.ജെ.പി കൗൺസിലർ എത്തിയത് ആദ്യം ആഹ്ലാദകരമായിരുന്നെങ്കിലും ഇപ്പോൾ തലവേദനയായിരിക്കുകയാണ്.