കോവളം: പ്രദേശവാസികളുടെ സമരത്തെ തുടർന്ന് വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം നിലച്ചിട്ട് 29 ദിവസം. തുറമുഖ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെയും അഞ്ച് മണിക്കൂറോളം നടത്തിയ ചർച്ച സമവായമാകാതെ അവസാനിപ്പിച്ചു. ഇന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ നിലപാട്. ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ഗേറ്റ് കോംപ്ലക്‌സിന്റെയും സബ് സ്റ്റേഷൻ കോംപ്ലക്‌സിന്റെയും നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് സമരം തുടങ്ങിയത്. തുറമുഖത്തെ തൊഴിലവസരങ്ങളിൽ 50 ശതമാനവും പ്രദേശവാസികൾക്ക് നൽകുക, അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം മൂലം ഹാർബറിനുണ്ടായ ഭീഷണി നികത്തുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുള്ള സമരം. സമരക്കാരുമായി കഴിഞ്ഞായഴ്ചയും പോർട്ട് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ സമരം അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റെയും അദാനി കമ്പനിയുടെയും ആവശ്യം.