
കാസർകോട് : കാസർകോട്ടു കാരിയായ പെൺകുട്ടിയുടെ നഗ്നചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മലപ്പുറം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. മലപ്പുറം വാഴക്കാട് ചെറുവായൂർ സ്വദേശി എം. അനുകൃഷ്ണൻ എന്ന കിച്ചുവിനെയാണ് (23) വിനെയാണ് ബേഡകം ഇൻസ്പെക്ടർ ടി. ഉത്തംദാസ്, പൊലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത് എന്നിവർ മലപ്പുറത്തെത്തി അറസ്റ്റ് ചെയ്തത്. 2020 മാർച്ച് മാസത്തിലാണ് ബേഡകം പൊലീസ് പരിധിയിലെ 17 കാരിയുടെ നഗ്നചിത്രം യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അനുകൃഷ്ണൻ വശീകരിച്ച് സംഘടിപ്പിച്ച അർദ്ധ നഗ്നചിത്രം ഫേസ്ബുക്കിൽ പോസ്റ്റുചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത ബേഡകം പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കൊവിഡ് ടെസ്റ്റും വൈദ്യ പരിശോധനയും നടത്തിയ ശേഷം വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 10 വരെ റിമാൻഡ് ചെയ്തു.