kov

കോവളം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധികദൂരം യാത്ര ചെയ്യാതെ തീരക്കടലിൽ നിന്ന് കൂടുതൽ മീൻപിടിക്കുന്നതിന് കൃത്രിമപാര് പദ്ധതിയുമായി തീരദേശ വികസന കോർപറേഷൻ. മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ജില്ലയിലെ തീരക്കടൽ കഴിഞ്ഞ് നിക്ഷേപിച്ച മീൻകൂട് ( കൃത്രിമപ്പാര് ) പദ്ധതി വിജയിച്ചതായി തീരദേശ വികസന കോർപ്പറേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ജില്ലയിലെ പൊഴിയൂർ മുതൽ പുതുക്കുറിച്ചിവരെയുളള എട്ടോളം മത്സ്യഗ്രാമങ്ങളെ ബന്ധപ്പെടുത്തിയുളളതാണിത്. പുതുക്കുറിച്ചി, വലിയതുറ, മരിയനാട്, ബീമാപള്ളി, അടിമലത്തുറ, കൊച്ചുതുറ, പുതിയതുറ, പരുത്തിയൂർ, കൊല്ലംകോട്, എന്നിവിടങ്ങളിലാണ് കോൺക്രീറ്റിൽ നിർമ്മിച്ച ക്യത്രിമപാരുകൾ കടലിലിട്ടത്. പുന്തുറ, ബീമാപള്ളി , വലിയതുറ എന്നിവിടങ്ങളിലെ തീരക്കടലിൽ വീണ്ടും പാര് നിക്ഷേപിക്കും. ഇതിനുളള കോൺക്രീറ്റ് പാരുകളുടെ നിർമ്മാണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. സസ്യജന്തുപ്ലവകങ്ങളുടെ സാനിധ്യം ഉണ്ടായതോടെ ധാരാളം ചെറുമീനുകൾ പാരിൽ തങ്ങുന്നുണ്ടെന്നും പഠനം പറയുന്നു. ഇവയെ തീറ്റതേടാൻ മറ്റ് ഇടത്തരം മീനുകളുമെത്തുന്നതിനാൽ പാരുകൾക്കുളളിലും പുറത്തുമായി എപ്പോഴും മത്സ്യകൂട്ടം ഉളളതായും പഠന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാരുകളിട്ട ഭാഗത്ത് മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ അത്യാധുനിക കാമറകൾ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയിരുന്നു. ഇവയെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതുവരെ 550 പാരുകളാണ് നിക്ഷേപിച്ചത്.