shaji

വിതുര: കാട് മൂടിക്കിടന്ന തരിശുഭൂമിയിൽ പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് കൃഷി നടത്തി നൂറുമേനി വിളവ് കൊയ്തതിന്റെ ആഹ്ളാദത്തിലാണ് വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി. വിതുര പഞ്ചായത്തിലെ വിതുര വാർഡിൽ താവയ്ക്കലിൽ വർഷങ്ങളായി കാട് പിടിച്ചുകിടന്ന ചെങ്കുത്തായ നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കഠിനാദ്ധ്വാനം നടത്തിയാണ് ഷാജി നൂറുമേനി വിജയം കൊയ്‌തത്. സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിതുര കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. റബർ മുറിച്ച ശേഷം വർഷങ്ങളായി തരിശായി കിടന്നിരുന്ന സ്ഥലം കൃഷിഭൂമിയാക്കാൻ ഏറെ പണിപ്പെട്ടു. ഷാജിയെ കൃഷിയിൽ സഹായിക്കുന്നതിനായി മൂന്ന് പേർ കൂടി ഒപ്പമുണ്ട്. ഇവിടെ കൃഷി നടത്തിയാൽ വിജയകരമാകില്ലെന്ന് സുഹൃത്തുക്കൾ മുൻകൂട്ടി പറഞ്ഞെങ്കിലും കൃഷിയോടുള്ള അമിതമായ സ്നേഹം മൂലം ഷാജി പിന്തിരിഞ്ഞില്ല.