
കൊയിലാണ്ടി: ദേശീയപാത കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ 6 വരിയാക്കുന്നതിനുള്ള സ്ഥലമെടുപ്പും അനുബന്ധ നടപടികളും പുരോഗമിക്കുമ്പോൾ നന്തി മുതൽ ചെങ്ങോട്ടു കാവ് വരെയുള്ള നിർദ്ദിഷ്ട ബൈപ്പാസിലെ ഹരിതഭംഗി ഇനിയെത്ര നാൾ. അറുന്നൂറ് കുടുംബങ്ങളാണ് പടിയിറങ്ങേണ്ടിവരിക. അവരുടെ കണ്ണീരും നിസ്സഹായതയും വികസനത്തിന്റെ പൽച്ചക്രങ്ങളിൽ അരഞ്ഞമരും. അറുന്നൂറ് കിണറുകളും മണ്ണിന് അടിയിലാകും. പ്രകൃതിയെ കാത്തുസൂക്ഷിക്കുന്ന രണ്ടു കുന്നുകളും അവയ്ക്കിടയിലുള്ള പാടങ്ങളും തണ്ണീർത്തടങ്ങളും ഇതോടെ അപ്രത്യക്ഷമാകും.
ബൈപ്പാസിനെതിരെ തുടക്കം മുതൽ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ചെറുതും വലുതുമായ സമരങ്ങൾ നടത്തിയിരുന്നു. എല്ലാം ഒടുവിൽ നിഷ്ഫലമായി. കൊവിഡ് കാലത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ പലരും പൊട്ടിക്കരയുകയായിരുന്നു . പ്രകൃതിയും ഭൂമിയും ജല സ്രോതസും ജീവജാലങ്ങളും അതിന്റെ എല്ലാ പ്രൗഢിയോടെയും സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാടെങ്കിലും അതൊന്നും തെല്ലും പരിഗണിക്കപ്പെട്ടില്ലെന്ന് സമര സമിതി കൺവീനർ വേണു പവൻ വീട്ടിൽ പറയുന്നു.
തുടക്കത്തിൽ സമര രംഗത്തുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തകരായ എൻ.വി. ബാലകൃഷ്ണനും കല്പറ്റ നാരായണനും വിഷയം കയ്യൊഴിഞ്ഞ മട്ടാണ്. ഇരകളുടെ പുനരധിവാസം എന്ന പ്രാഥമികമായ വിഷയം പോലും പരിഗണിക്കാത്ത മട്ടിലാണ് ബൈപ്പാസിന് ബദലായി നിർദ്ദേശിക്കപ്പെട്ട എലിവേറ്റഡ് ഹൈവേ സർക്കാർ നിഷ്‌കരുണം തള്ളിയത്. 1972 ൽ നിലവിലുള്ള ദേശീയ പാതാ വികസനത്തിന് ഏറ്റെടുത്ത സ്ഥലം പഴയത് പോലെ കിടക്കുന്നുണ്ട്. നഗരത്തിലെ കച്ചവടക്കാരുടെയും റിയൽ എസ്റ്റേറ്റുകാരുടെയും താത്പര്യങ്ങൾക്കൊപ്പമാണ് സ്ഥലം എം.എൽ.എയെന്ന് സമരക്കാർ ആരോപിക്കുന്നു. പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ തന്നെ ദേശീയ പാതാ വികസനം മുഖ്യ അജണ്ടയായി സ്വീകരിച്ചിരുന്നതാണ്. വരും ദിവസങ്ങളിൽ അറുന്നൂറോളം കുടുംബങ്ങൾ ജീവിത സമ്പാദ്യവുമായി പടിയിറങ്ങേണ്ടിവരും. ഒപ്പം ഹരിതാഭമായ ഈ ഭൂമിയുടെ ചരമഗീതവും രചിക്കപ്പെടും.