painting

തലശ്ശേരി: കൊവിഡ് കാലം തെയ്യക്കാവുകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ശ്രീപാർവ്വതിയെന്ന പതിനഞ്ചുകാരിയുടെ മനസിൽ ഹരിതാഭമായ കാവിന്റെ മുറ്റത്ത് കത്തിച്ച് പിടിച്ച പന്തങ്ങളുടെ തീഷ്ണമായ വെളിച്ചത്തിൽ ചുവപ്പും, കറുപ്പും,​ വെള്ളയും കലർന്ന വർണ്ണങ്ങളിൽ ആടയാഭരണങ്ങളണിഞ്ഞ് രൗദ്രമൂർത്തിയായ മുച്ചിലോട്ട് ഭഗവതി നിറഞ്ഞാടുകയാണ്. ചിലമ്പുകളുടെ ചടുലതാളങ്ങളും, ശീൽക്കാരങ്ങളും കാതുകളിൽ മുഴങ്ങുകയാണ്. തെയ്യം തിറയാട്ടങ്ങൾക്ക് മങ്ങലേറ്റ ഈ ദുരിതകാലത്ത് മനംനൊന്ത കൗമാരക്കാരിയായ ഈ കലാകാരി ഇഷ്ടദൈവങ്ങളുടെ തെയ്യക്കോലങ്ങൾ വരച്ചുകൂട്ടി ആത്മനിർവൃതി തേടുകയാണ്.

അച്ഛൻ കെ. അനിൽ കുമാറിന്റെ തറവാട് പാനൂർകൂറ്റേരി മുച്ചിലോട്ട് കാവാണ്. അമ്മയുടെ വീട്ടുകാർ കണി കാണുന്നത് തൊട്ട് മുന്നിലുള്ള പുത്തൂർ മുത്തപ്പൻ ക്ഷേത്രത്തെയുമാണ്. കേരളീയമായ പച്ചപ്പിൽ, ചുവപ്പിന്റെ ധാരാളിത്തത്തിൽ തെളിയുന്ന തെയ്യത്തിന്റെ വിതാന ഭംഗി, കത്തിച്ചു പിടിച്ച പന്തങ്ങളുടെ പ്രഭാപൂരത്തിൽ ശ്രീപാർവ്വതിയുടെ മനസിൽ തീർക്കുന്നു. പ്രകൃതി മനോഹരമായ കാവുകളുടെ പശ്ചാത്തലത്തിൽ തെയ്യം കാണുന്നത് പുതുതലമുറക്കാരിയായ ഈ കലാകാരിക്ക് ഹരം തന്നെയാണ്. മനസിൽ എന്നോ ആലേഖനം ചെയ്യപ്പെട്ട തെയ്യ രൂപങ്ങൾ ഒന്നൊന്നായി കാൻവാസുകളിൽ പിറവിയെടുത്ത് കൊണ്ടിരിക്കുന്നു.

കുട്ടിച്ചാത്തനും, ഘണ്ട കർണ്ണനും, ഗുളികനും, ഭഗവതിയും, കാരണവരും, തിരുവപ്പനയും തുടങ്ങി രൗദ്ര ശാന്തമൂർത്തികളെല്ലാം ഈ കുട്ടിയുടെ നിറക്കൂട്ടുകളിൽ ഉറഞ്ഞാടുകയാണ്. അതി പ്രാചീനമായ അനുഷ്ഠാന കലകൾ അന്യം നിന്നുപോകുന്നതിൽ നൊമ്പരപ്പെടുന്ന ഈ കുട്ടിയുടെ രചനകളിൽ കേരളീയ നാടോടി കലാരൂപങ്ങളും ധാരാളമായി ഇടം നേടിയിട്ടുണ്ട്. പ്രകൃതി ചിത്രങ്ങളിൽ പോലും കടും നിറങ്ങളെ ഏറെ ഇഷ്ടപ്പെടാൻ കാരണവും തെയ്യങ്ങളിലുള്ള അമിതമായ ആധിപത്യം തന്നെയാവണം. സംഗീതത്തെ പ്രണയിക്കുന്ന കെ. അനിൽകുമാറിന്റേയും, വരകളുടേയും വർണ്ണങ്ങളുടേയും കൂട്ടുകാരിയായ നിഷയുടേയും മകളാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ശ്രീപാർവതി മലയാള കലാഗ്രാമത്തിൽ നിന്ന് ചിത്രകാരന്മാരായ പ്രശാന്ത് ഒളവിലം, സുരേഷ് കൂത്തുപറമ്പ് എന്നിവരുടെ ശിക്ഷണത്തിലാണ് വരകളുടേയും വർണ്ണങ്ങളുടേയും ലോകത്ത് കടന്നുവന്നത്. സഹോദരൻ ശ്രീഹരി ,പാലക്കാട് സംഗീത കോളജിൽ ബിരുദ വിദ്യാർത്ഥിയാണ്.