dog

മാഹി: ഗവ. മിഡിൽ സ്‌കൂൾ അവറോത്തിലെ ജീവനക്കാരി കെ. പ്രജില പെറ്റു കിടക്കുന്ന നായയ്ക്ക് ഭക്ഷണം വിളമ്പി മാതൃസ്‌നേഹത്തിന്റെ മറ്റൊരു മാതൃകയാവുന്നു. ലോക്ക്‌ഡൗൺ കാലത്ത് സ്‌കൂളിൽ എത്തിയപ്പോഴാണ് കാന്റീൻ ഭാഗത്ത് ഒരു നായ കിടക്കുന്നത് പ്രജില കണ്ടത്. സ്‌കൂളിൽ ആൾപ്പെരുമാറ്റം കണ്ടപ്പോൾ മറ്റു നായകൾ എല്ലാം ഓടിപ്പോയി എങ്കിലും ഈ നായ മാത്രം ഓടി പോകാത്തത് പ്രജില ശ്രദ്ധിച്ചു. തനിക്ക് കൊണ്ടുവന്ന ഉച്ച ഭക്ഷണത്തിൽ ഒരു ഓഹരി നായയ്ക്ക് നൽകി. ആ നായ പിറ്റേന്നും പ്രജിലയ്ക്കരികിൽ ഓടിയെത്തിയതോടെ എല്ലാ ദിവസവും നായയ്ക്ക് ആഹാരം നൽകാൻ തുടങ്ങി. പിന്നീട് ദിവസവും പ്രജിലയുടെ വരവും കാത്ത് നിൽക്കുന്ന നായയ്ക്ക് പ്രജില റോസി എന്ന പേരും നൽകി. ആയിടക്കാണ് നായ ഗർഭിണിയാണ് എന്ന് മനസിലാക്കിയത്. ഒരു ദിവസം സ്‌കൂളിൽ എത്തിയപ്പോൾ റോസി പ്രസവിച്ചു കിടക്കുന്നത് കാണാനിടയായി. ഉടനെ പോയി പാൽ വാങ്ങി തിളപ്പിച്ചു ബിസ്‌ക്കറ്റുമായി റോസിക്കു നൽകി. പുറത്ത് പോയി ഭക്ഷണം തേടാനുള്ള വിഷമവും ഉണ്ടല്ലോ, പ്രജിലയുടെ ആ മനസ് റോസിക്കും അറിയാവുന്നത് കൊണ്ട് പ്രജില അടുത്തേക്ക് ചെല്ലുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും റോസിക്കു പ്രശ്നമേയല്ല. ധാരാളം പൂച്ചകളും പട്ടികളും വീട്ടിൽ ഉള്ളതിനാൽ തനിക്ക് മൃഗങ്ങളെ പരിപാലിക്കുന്നതും വളർത്തുന്നതും ഇഷ്ടമാണെന്ന് ഇവർ പറയുന്നു. ഇപ്പോൾ രണ്ട് പട്ടികളും രണ്ടു പൂച്ചകളും ഒത്തിരി മീനുകളും ചെമ്പ്ര കുന്നുമ്മലിലെ പ്രിയം വീട്ടിൽ തനിക്കും കുടുംബത്തിനുമൊപ്പം സുഖമായി കഴിയുന്നു എന്നും പ്രജില കൂട്ടി ചേർത്തു.