
കണ്ണൂർ: കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്തുന്നതിനുള്ള ജില്ലയിലെ പ്രഥമ ജില്ലാതല റിവ്യൂ നടന്നു. ഡി.സി.സി. ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും ഒരു ദിവസം നീളുന്ന റിവ്യുവിന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, പെർഫോർമൻസ് അസസ്‌മെന്റിന്റെ സംസ്ഥാന ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ജില്ലാ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം നിയാസ് എന്നിവർ നേതൃത്വം നൽകി. നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി സന്നിഹിതനായിരുന്നു.
പരിശോധനയിൽ ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരിൽ 3 പേർ പച്ച കാറ്റഗറിയിലും 9 പേർ മഞ്ഞ കാറ്റഗറിയിലും 11 പേർ ചുവപ്പ് കാറ്റഗറിയിലുമായി. ഡി.സി.സി. ഭാരവാഹികളിൽ 12 പേർ പച്ച കാറ്റഗറിയിലും 32 പേർ മഞ്ഞ കാറ്റഗറിയിലുമായി. 23 പേർ ചുവപ്പ് കാറ്റഗറിയിലാണ്. കെ.പി.സി.സി. നടപ്പാക്കുന്ന വിലയിരുത്തലിൽ മികച്ച പ്രവർത്തനം നടത്തുന്നവർ പച്ചയിലും ശരാശരിക്കാർ മഞ്ഞയിലും ശരാശരിയിൽ താഴെയുള്ളവർ ചുവപ്പിലുമാണ് ഉൾപ്പെടുക. ജൂലൈ, ആഗസ്റ്റ്, സെപ്തംബർ എന്നീ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ വിലയിരുത്തൽ നടന്നത്. ഇനി മുതൽ ജില്ലയിൽ എല്ലാ മാസവും റിവ്യൂ നടത്തും. ആദ്യ റിവ്യൂവിൽ പിന്നിൽ പോയവരോട് തിരുത്തൽ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്.