
നാഗർകോവിൽ: ഡി.എസ്.പി അപമര്യാദയായി പെരുമാറിയതിൽ മനം നൊന്ത് കന്യാകുമാരിയിൽ ഡോക്ടർ ആത്മഹത്യ ചെയ്തു. ശുചീന്ദ്രം, പറക്കൈ, ഇല്ലന്തവിള സ്വദേശി ശിവരാമ പെരുമാളിനെയാണ് (43) തന്റെ സ്വകാര്യ ക്ളിനിക്കിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരനാണ് എന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡി.എം.കെ അംഗമായിരുന്നു ശിവരാമ പെരുമാൾ.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശിവരാമ പെരുമാൾ പറക്കൈയിൽ സ്വകാര്യ ആശുപത്രി നടത്തി വന്നിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ മറ്റ് ജീവനക്കാർ പെരുമാളിനെ കാണാതെ വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജീവനക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ശുചീന്ദ്രം പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം ആശാരിപ്പള്ളം ആശുപത്രിയിൽ പോസ്‌റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ദുർഗ, ലീല എന്നിവരാണ് പെരുമാളിന്റെ മക്കൾ
കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഡോക്ടറായ ഭാര്യ സീതയുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡി.എസ്.പി ഇവരുടെ കാർ തടഞ്ഞു. എവിടെ പോയി വരികയാണെന്ന് ഇരുവരോടും ചോദിച്ചു. ഡോക്ടർമാരാണെന്നും കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഭാര്യയുമായി മടങ്ങുകയാണെന്നും പെരുമാൾ ഇംഗ്ലീഷിൽ മറുപടി നൽകി. എന്നാൽ, ഇംഗ്ലീഷിൽ മറുപടി നൽകിയതിൽ ക്ഷുഭിതനായ ഡി.എസ്.പി പെരുമാളിനെ അധിക്ഷേപിച്ചു. ഭാര്യയോടും അപമര്യാദയായി പെരുമാറി. തുടർന്ന് പൊലീസ് ഇവരെ വിട്ടയച്ചു. സംഭവത്തെ തുടർന്ന് പെരുമാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
സീതയുടെ പരാതിയിൽ ശുചീന്ദ്രം പൊലീസ് കേസ് എടുത്തു. കന്യാകുമാരി പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.