century

കോഴിക്കോട്: വ്യാപാരി വീണു മരിച്ച മൊഫ്യൂസൽ ബസ് സ്റ്റാൻഡിനു സമീപത്തെ സെഞ്ച്വറി കോംപ്ലക്സിൽ ഒട്ടേറെ അനധികൃത നിർമ്മാണങ്ങൾ. മറ്റൊരു കെട്ടിടവുമായി ബന്ധിപ്പിച്ചതായും തുറന്ന സ്ഥലങ്ങളിൽ അനുമതിയില്ലാതെ പലതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായും കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ കണ്ടെത്തി. ഒട്ടേറെ നിയമലംഘനങ്ങൾ നടന്നതിനാൽ കെട്ടിടം മുഴുവൻ അനധികൃതമായി പ്രഖ്യാപിച്ചേക്കും.

ബുധനാഴ്ച കെട്ടിട ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകും. അതിനു ശേഷമായിരിക്കും തുടർ നപടികൾ സ്വീകരിക്കുക. കെട്ടിടത്തിന്റെ പ്ലാൻ പരിശോധിച്ച് എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് കൃത്യമായി ഉറപ്പിക്കേണ്ടതുണ്ട്. അപകടത്തിനിടയാക്കിയ കട ഉടമയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാൻ സാദ്ധ്യതയുണ്ടെങ്കിലും കെട്ടിട ഉടമയുടെ വീഴ്ചയായിട്ടാണ് പരിഗണിക്കുക. ഓർക്കാട്ടേരി സ്വദേശിയുടേതാണ് കെട്ടിടം. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വ്യാപാരികൾക്ക് ഒരു മാറ്റവും വരുത്താൻ കഴിയില്ല.

കെട്ടിടത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്ന് പൊലീസ്

അപകടകരമായ രീതിയിൽ അനധികൃത നിർമ്മാണം നടത്തിയതിനാൽ കെട്ടിടത്തിന്റെ പെർമിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസബ പൊലീസ് കോർപ്പറേഷന് റിപ്പോർട്ട് നൽകി. ആളുകളെ താത്കാലികമായി നിയന്ത്രിക്കാൻ നടപടിയെടുക്കാനും എ.ഡി.എമ്മിനും പൊലീസ് റിപ്പോർട്ട് നൽകി. സുരക്ഷിതമായ രീതിയിൽ എല്ലാം പുനഃക്രമീകരിക്കുന്നവരെ നിയന്ത്രണമേർപ്പെടുത്തണമെന്നാണ് ആവശ്യം. അഗ്നിരക്ഷാ സേനയോടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കെട്ടിട ഉടമയ്‌ക്കെതിരേ നരഹത്യ ചുമത്തിയിട്ടുണ്ടെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല. കോർപ്പറേഷന്റെ റിപ്പോർട്ട് കൂടെ ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികൾ.

വീണത് രണ്ടരമീറ്റർ താഴ്ചയിലേക്ക്

ഒന്നാംനിലയിലെ ദ്വാരത്തിലൂടെ രണ്ടരമീറ്റർ താഴെയുള്ള പാർക്കിംഗ് ഏരിയയിലേക്കാണ് കഴിഞ്ഞദിവസം വ്യാപാരി വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലയോട്ടിക്ക് ചതവുപറ്റിയതാണ് മരണകാരണം. തലയുടെ പുറംഭാഗം ഉള്ളിലേക്ക് ചതഞ്ഞ നിലയിലായിരുന്നു. പർച്ചേഴ്സ് കഴിഞ്ഞ് അദ്ദേഹം നടന്നുവരുന്നതിന്റെ തൊട്ടുമുമ്പാണ് ദ്വാരത്തിന്റെ അടപ്പ് തുറന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. താഴേക്ക് വീഴുന്നതും ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിലേക്ക് ഒംനിയിൽ സാധനങ്ങൾ കൊണ്ടുവന്ന് മുകളിലേക്ക് കയറ്റുന്നതുമെല്ലാം സി.സി.ടി.വി. കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവസമയത്ത് നല്ല തിരക്കുമുണ്ടായിരുന്നു. കസബ എസ്.ഐ. വി. സിജിത്താണ് കേസന്വേഷിക്കുന്നത്. ബുധനാഴ്ച അന്വേഷണച്ചുമതല ഇൻസ്‌പെക്ടർക്ക് കൈമാറും.