krishibhavan

വക്കം: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി വക്കം കൃഷിഭവൻ. 14 വാർഡുകളുള്ള വക്കം പഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ 1200 ലധികം വീടുകളിൽ പച്ചക്കറിത്തോട്ടം ഇതിനകം തന്നെ നിർമ്മിച്ചു കഴിഞ്ഞു. സ്ത്രീ കൂട്ടായ്മയായ ജെ.എൽ.ജി.യുടെ 38 ഗ്രൂപ്പുകളാണ് 80 ഹെക്ടറിൽ ജൈവ പച്ചക്കറികൃഷി ചെയ്യുന്നത്. ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി ആയിരത്തിലധികം സ്ത്രീകൾക്ക് തൊഴിലും ലഭ്യമാക്കി. ഇതിനെല്ലാം പുറമേ സംസ്ഥാന കൃഷിവകുപ്പിന്റെയും ഹരിത കേരളത്തിന്റെയും പദ്ധതികൾ നൂറ് ശതമാനവും കൃത്യമായി നടപ്പിലാക്കുന്ന പഞ്ചായത്തിലെ കൃഷിഭവനാണ് ഈ ദുർഗതി. വക്കത്ത് കർഷകരുടെ കാർഷിക ഉല്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാനും അത് ജനങ്ങളിൽ എത്തിക്കാനുമായി ഒരു വിപണന കേന്ദ്രവും കൃഷിഭവന്റെ കീഴിൽ ഇവിടെയുണ്ട്. മാത്രമല്ല,​ ദിവസവും 50 കിലോ ജൈവ പച്ചക്കറിയുടെ ശേഖരവും വിപണനം നടക്കുന്നു. ഒരു കുടുസുമുറിയിൽ പ്രവർത്തിക്കുന്ന കൃഷിഭവന്റെ പ്രവർത്തനം കൂടുതൽ മികച്ചതാക്കണമെങ്കിൽ നല്ല കെട്ടിടവും സൗകര്യങ്ങളും വെണമെന്ന ആവശ്യം ശക്തമാണ്. കൃഷി ഓഫീസർ അടക്കം നാലു ജീവനക്കാരാണ് ഇവിടെയുള്ളത്. സർക്കാർ നൽകുന്ന കാർഷികോല്പന്നങ്ങളുടെ തൈകളുടെ സംഭരണത്തിനും വിതരണത്തിനുമായി ഒരു താത്കാലിക ഷെഡ് മാത്രമാണ് ആശ്രയം. കൃഷിഭവന്റെ ഒരു ഭാഗം മറച്ചാണ് കാർഷിക വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്. മിക്കപ്പോഴും വിതരണത്തിന് എത്തുന്ന തൈകൾ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ കൃഷിഭവൻ മറ്റൊരിടത്തേക്ക് മാറ്റുക പ്രായോഗികമല്ല. പകരം കൃഷിഭവനോട് ചേർന്നുള്ള കാർഷിക വിപണന കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്. കൂടുതൽ സൗകര്യം ലഭിച്ചാൽ മാത്രമേ കർഷകർക്കാവശ്യമായ തൈകളും വിത്തും കാർഷികോപകരണങ്ങളുടെ വിപണന സംവിധാനവും ഒരുക്കാൻ കഴിയുകയുള്ളൂ. കൃഷിഭവന്റെ പ്രവർത്തനത്തിന് മികച്ച കെട്ടിടം വേണമെന്ന ആവശ്യം ശക്തമാണ്.

പ്രതികരണം

വക്കത്തെ കൃഷിഭവനു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന കെട്ടിടത്തിലേക്ക് മാറ്റാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം

എൻ.ബിഷ്ണു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, വക്കം