
നീലേശ്വരം: പത്ത് വർഷങ്ങൾക്ക് മുമ്പ് നീലേശ്വരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വൈരജാതൻ എന്ന പേരിലുള്ള ചിട്ടി കമ്പനി ആരുടെയും ഓർമ്മയിൽനിന്ന് മായാത്തതാണ്. ഏജന്റുമാർ മുഖേന പിരിച്ച കോടികളാണ് ചിറ്റാളന്മാർക്ക് നഷ്ടമായത്. സമൂഹത്തിലെ ഉന്നതന്മാരും ദിവസ വരുമാനക്കാരും തട്ടിപ്പിന് ഇരയായി. ചിട്ടി ഉടമ വൈനിങ്ങാൽ കൃഷ്ണൻ ഒടുവിൽ ജയിലിലുമായി. എന്നാൽ ചിട്ടി തകർന്ന് തരിപ്പണമാകാൻ കാരണക്കാരായ അമ്പതിൽ അധികം വരുന്ന ഏജന്റുമാർ കോടീശ്വരന്മാരായി ഇപ്പോഴും നാട്ടിൽ വിലസുകയാണ്.
ചിട്ടി നടത്തലും ദൈവ വിശ്വാസവും വൈനിങ്ങാൽ കൃഷ്ണന് എന്നും ഹരമായിരുന്നു. തന്റെ തറവാടായ ചെറുവത്തൂരിനടുത്തെ മുഴക്കോത്ത് സി.വി തറവാട്ടിൽ ചിട്ടി നടത്തിപ്പുകാരിൽ പ്രമുഖനായിരുന്നു വൈനിങ്ങാൽ കൃഷ്ണൻ. തറവാട് ചിട്ടി നടത്തിപ്പിന് മുമ്പ് ചെങ്കൽ വെട്ടുതൊഴിലാളിയായിരുന്ന കൃഷ്ണൻ നാട്ടിലും നല്ല നിലയിൽ ചെറിയ ചിട്ടികൾ നടത്തിയിരുന്നു. ഈ അനുഭവമാണ് കോടികൾ മുതലിറക്കിയുള്ള വൈരജാതൻ എന്ന പേരിലുള്ള ചിട്ടി കമ്പനി തുടങ്ങാൻ വിശ്വാസവും പ്രേരണയുമായത്.
ചിട്ടി നല്ലനിലയിൽ നടക്കുന്നതിനിടെ കൃഷ്ണൻ തന്റെ നാടായ കാനത്തും മൂലയിൽ വൈരജാതന്റെ പേരിൽ ഒരു ക്ഷേത്രത്തിനും തുടക്കം കുറിച്ചു. സി.വി തറവാട്ടിൽ നിന്ന് ഒരു ദിവസം വൈരജാതൻ തന്റെകൂടെ വന്ന് മാടം നിക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നായിരുന്നു കൃഷ്ണൻ പറഞ്ഞിരുന്നത്. ചെറിയൊരു മാടം ഉണ്ടാക്കി അതിലായിരുന്നു വൈരജാതനെ കുടിയിരുത്തിയത്. തുടർച്ചയായ മൂന്ന് വർഷം നാട്ടുകാരെയും സഹകരിപ്പിച്ച് ഉത്സവവും നടത്തിയിരുന്നു. ചിട്ടി അഭിവൃദ്ധിപ്പെടുന്നതിന് അനുസരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളും പുരോഗമിച്ചു. ഏതാണ്ട് നാല് കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്ര നവീകരണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ചിട്ടിയുടെ തകർച്ച തുടങ്ങിയത്.
ഈ അവസരം മുതലെടുത്ത് ഏജന്റുമാർ കൃഷ്ണനെ കബളിപ്പിച്ച് ചിറ്റാളന്മാരിൽ നിന്ന് പിരിച്ച് ലക്ഷങ്ങൾ കമ്പനിയിൽ അടക്കാതെയായി. ചിട്ടിപ്പണം മുഴുവൻ ക്ഷേത്രത്തിന് വിനിയോഗിച്ചു എന്ന് പ്രചരിപ്പിക്കാനും അവർ മറന്നില്ല. കമ്പനി തകരുന്നു എന്ന വാർത്ത പരന്നതോടെ ചിറ്റാളന്മാർ കൂട്ടത്തോടെ എത്തി പണം പിൻവലിക്കാൻ തുടങ്ങി. ഒടുവിൽ പണം തിരിച്ച് നൽകാൻ കഴിയാത്തതോടെ കമ്പനി പൂർണമായി തകരുകയും ചെയ്തു. ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 70 കാരനായ കൃഷ്ണന്റെ പേരിൽ 1500 ഓളം കേസുകളാണ് ഉണ്ടായിരുന്നത്. പണം കിട്ടാത്തവർ അറ്റകൈ എന്ന നിലയിൽ നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ ഇളക്കി മാറ്റാൻ കഴിയുന്ന മുഴുവൻ സാധനങ്ങളും കടത്തിക്കൊണ്ടുപോയി.
കൃഷ്ണൻ താമസിച്ചിരുന്ന വീടിനെയും ഇതിൽനിന്ന് ഒഴിവാക്കിയില്ല. മാടത്തിൽ പ്രതിഷ്ഠിച്ചിരുന്ന പള്ളിവാളും ആളുകൾ കടത്തുമെന്ന ഘട്ടംവന്നപ്പോൾ ക്ഷേത്രം തന്ത്രി തിരുവായുധം മണിക്കിണറിലിട്ട് സംരക്ഷിക്കുകയായിരുന്നു. മൂന്നര ഏക്കറോളം ഉണ്ടായിരുന്ന ക്ഷേത്ര ഭൂമി പണം കിട്ടാനുണ്ടായിരുന്ന ഏതാനും ആളുകൾക്ക് കോടതി പതിച്ചുനൽകുകയും ചെയ്തു. ക്ഷേത്രം നിലകൊള്ളുന്ന ഭൂമിയും ക്ഷേത്രത്തിന്റെ അസ്ഥികൂടവും മാത്രമാണ് ഇപ്പോൾ കാണാനുള്ളത്. വൈരജാതൻ ഈശ്വരന്റെ മാടത്തിന് ചുറ്റുമതിൽ പാടില്ലെന്നും കാലാവസ്ഥ മാറ്റമനുസരിച്ച് മഴയും മഞ്ഞും വെയിലും മാടത്തിൽ പതിയണമെന്നുമാണ് വിശ്വാസം.
കൃഷ്ണൻ മാടത്തിന് ചുറ്റുമതിൽ കെട്ടിയതും മേൽക്കൂര പണിതതും ദൈവകോപത്തിന് കാരണമായി എന്നാണ് വിശ്വാസികൾ പറയുന്നത്. തഞ്ചാവൂർ ശിൽപ്പികൾ കൊത്തി എടുത്ത നന്ദിനി പശുവും നിരവധി വിഗ്രഹങ്ങളും ചിതറി കിടക്കുന്ന അവസ്ഥയിലാണ്. നാഗാലയവും അനുബന്ധമായി പണിത കെട്ടിടങ്ങളും മദ്യക്കുപ്പികൾകൊണ്ട് നിറഞ്ഞിരിക്കയാണ്. അനാഥമായി, തകർന്നുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിന്റെ ശേഷിപ്പ് ഏതൊരു വിശ്വാസിക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.