
തിരുവനന്തപുരം: ചടുലവും നാടകീയവുമായിരുന്നു ഇ.ഡിയുടെ നീക്കം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്ക് പിന്നാലെ ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞ വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തി. മിനിട്ടുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി. മാദ്ധ്യമപ്പടയുടെ നടുവിലൂടെ ആശുപത്രിയിൽ നിന്നിറങ്ങി ഇ.ഡിയുടെ കാറിലേക്ക് കയറുമ്പോൾ ചോദ്യശരങ്ങൾ. ശിവശങ്കർ മറുപടിയൊന്നും പറഞ്ഞില്ല. നടുവേദന മൂലമാകാം ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ നടുവിന് കൈ താങ്ങിയിരുന്നു.
ശിവശങ്കർ കസ്റ്റഡിയിലായ ആ നിമിഷങ്ങൾ
രാവിലെ 10.25: മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വിധി. വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രി ശ്രദ്ധാകേന്ദ്രം.
10.30: ലൈവ് സന്നാഹങ്ങളോടെ മാദ്ധ്യമപ്പട ആശുപത്രിക്ക് മുന്നിൽ. അറസ്റ്റ് ഉടനെന്ന് അഭ്യൂഹം
10.35: ഇ.ഡിയുടെ ഹ്യുണ്ടായി വെർണ കാർ ആശുപത്രിയുടെ മുന്നിൽ.
10.40: ശിവശങ്കറിനെ കൂട്ടി ഉദ്യോഗസ്ഥർ ആശുപത്രിക്ക് പുറത്തെത്തി, മദ്ധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സംഘം കൊച്ചിയിലേക്ക് തിരിച്ചു
15 മിനിട്ടിന്റെ നീക്കം
മുൻകൂട്ടി നിശ്ചയിച്ച പദ്ധതി 15 മിനിട്ടിൽ നടപ്പാക്കുകയായിരുന്നു ഇ. ഡി. ജാമ്യാപേക്ഷ തള്ളുമെന്ന് പ്രതീക്ഷിച്ച ഇ.ഡി ഉദ്യോഗസ്ഥർ രാവിലെ മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ വഞ്ചിയൂരിലെ ആശുപത്രിയിൽ എത്തിയിരുന്നു. എത്ര ദിവസത്തെ ചികിത്സ ബാക്കിയുണ്ടന്നും യാത്രയ്‌ക്ക് തടസമുണ്ടോയെന്നും ഡോക്ടർമാരോട് തിരക്കി. ഒരാഴ്ചത്തെ ചികിത്സ കൂടിയുണ്ടെന്ന് അറിയിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമല്ലാത്തതിനാൽ രേഖാമൂലം നോട്ടീസ് നൽകി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തു. അതോടെ ആശുപത്രിക്ക് മുന്നിൽ ആൾക്കൂട്ടവും ഗതാഗതക്കുരുക്കുമായി.
എന്തിനും തയാറായി ശിവശങ്കർ
പതിവിലും നേരത്തെ പ്രഭാതഭക്ഷണം കഴിച്ച ശിവശങ്കർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പേ ടിവിക്ക് മുന്നിൽ ഇരുന്നു. നിരവധി ഫോൺകോളുകൾ വരുന്നുണ്ടായിരുന്നു. സ്യൂട്ട് കേസിൽ തുണികളും പാക്ക് ചെയ്‌ത് എന്തിനും റെഡിയായിരുന്നു. വിധി അറിഞ്ഞതോടെ ശാന്തനായി റൂമിലേക്ക് മടങ്ങി. നിമിഷങ്ങൾക്കുള്ളിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി സമൻസ് കൈമാറി. അൽപ്പ നേരം ശിവശങ്കറുമായി സംസാരിച്ച ശേഷം ഡോക്ടർമാരെ കാണാൻ പോയി. പിന്നാലെ ചികിത്സ രേഖകളുമായി വന്ന ഉദ്യോഗസ്ഥർക്കൊപ്പം പോകാൻ റെഡിയായി ശിവശങ്കറും വന്നു.