cholestrol

വർദ്ധിച്ച കൊളസ്ട്രോൾ ഒരു പ്രശ്നമേയല്ലെന്ന് കരുതുന്നവർക്ക് പോലും പലകാരണങ്ങളാൽ അതിനുള്ള മരുന്ന് വർഷങ്ങളോളം കഴിക്കേണ്ടിവരാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഗുളിക എന്നതിലുപരി, ഹൃദയസ്തംഭനവും പക്ഷാഘാതവും ഉണ്ടാകാതിരിക്കാൻ ഗുളിക കഴിച്ചേ മതിയാകൂ എന്ന ഡോക്ടർമാരുടെ ഉത്തരവ് ശിരസാവഹിക്കാൻ രോഗമില്ലാത്തവരും നിർബന്ധിതരാകുന്നു എന്നതാണ് സത്യം.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിന്റെ തോത് പലതവണ പുതുക്കി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ സവിശേഷതകൾ, ജീവിതസാഹചര്യങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, പലവിധ രോഗങ്ങൾ ഒരുമിച്ചുണ്ടാകുന്നത് കാരണം സംഭവിക്കാനിടയുള്ള അപകടാവസ്ഥകൾ എന്നിവയൊക്കെയാണ് അതിനുള്ള കാരണം. അതുപോലെ, കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ പല മാർഗ്ഗങ്ങളും നിർദ്ദേശിക്കപ്പെടുകയും അവയൊന്നും പാലിക്കപ്പെടാത്തതിനാൽ അവസാനം മരുന്നിൽ മാത്രം ശരണം പ്രാപിക്കുകയുമാണ് പലരും ചെയ്യുന്നത്.

കൊളസ്ട്രോൾ നിയന്ത്രിക്കണമെങ്കിൽ ഇവയെല്ലാം ശ്രദ്ധിച്ച്, ശീലിച്ച സമയത്ത്, അദ്ധ്വാനത്തിന്റെ സ്വഭാവമനുസരിച്ച്, പലവിധത്തിലുള്ള ഭക്ഷണം ദഹനത്തിന് തടസ്സമൊന്നും വരാത്ത രീതിയിലും ആവശ്യത്തിനുമാത്രവും കഴിക്കുകയാണ് വേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ,​ ആഹാരം ഹിതമായതും മിതമായതും എളുപ്പം ദഹിക്കുന്നതും ശരിയായി ആഗിരണം ചെയ്യുന്നതും ശിഷ്ടഭാഗം യഥാസമയം പുറംതള്ളുന്നതുമായതാണെങ്കിൽ കൊളസ്ട്രോൾ എപ്പോഴും നിയന്ത്രണവിധേയമായിരിക്കും.

പ്രായവും വണ്ണവും പ്രശ്നമാണോ ?​

കൊളസ്ട്രോളിനെ കുറിച്ച് പലവിധ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്.

കൊളസ്ട്രോൾ കൂടിയാലും കുഴപ്പമില്ല, കൂടിയാൽ അപ്പോൾ തന്നെ അറിയാൻ കഴിയും, ടോട്ടൽ കൊളസ്ട്രോൾ നോർമൽ ആണെങ്കിൽ പിന്നെ പേടിക്കാനില്ല, കൊളസ്ട്രോൾ കൂടുന്നതിന് ഒരു പ്രത്യേക പ്രായമൊക്കെയുണ്ട്, വണ്ണം കൂടുതലുള്ളവർക്കാണ് കൊളസ്ട്രോൾ കാണുന്നത്, ഇറച്ചിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നവർക്കാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്.

കൊളസ്ട്രോൾ വർദ്ധിച്ചാൽ അത് തിരിച്ചറിയാൻ സാധിക്കുമെന്ന് വീമ്പിളക്കുന്നവരോട് പറയാനുള്ളത് ഇതാണ്; മരുന്ന് കൃത്യമായി കഴിക്കാത്തവർ ശരിയായ ഇടവേളകളിൽ അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുമ്പോഴേങ്കിലും നിർബന്ധമായും രക്ത പരിശോധനക്ക് വിധേയമാകണം. അതായത്,​ കൊളസ്ട്രോൾ പരിശോധിക്കാൻ ആവശ്യപ്പെടുമ്പോൾ രണ്ടു വർഷംമുമ്പ് പരിശോധിച്ച റിസൾട്ട് നോക്കി തൃപ്തിപ്പെടരുതെന്ന് സാരം. എന്നാൽ, മുമ്പ് എത്രയുണ്ടായിരുന്നു എന്ന് മനസിലാക്കാൻ പഴയ റിസൾട്ട് കൂടി ഉപയോഗപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. എല്ലായ്പ്പോഴും ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കി സമാധാനിക്കാതെ ഇടയ്ക്കൊക്കെ ലിപിഡ് പ്രൊഫൈൽ തന്നെ പരിശോധിക്കേണ്ടിവരും. കുഴപ്പക്കാരായ കൊളസ്ട്രോൾ എത്ര അളവിലുണ്ടെന്ന് മനസ്സിലാക്കാൻ അത് ആവശ്യമാണ്. രാത്രി ഭക്ഷണശേഷം പന്ത്രണ്ട് മണിക്കൂർ ആകുമ്പോൾ പിറ്റേന്ന് വെറും വയറ്റിൽ രക്ത പരിശോധന നടത്തുകയാണ് വേണ്ടത്. അതായത് രാത്രി എട്ട് മണിക്ക് ഭക്ഷണം കഴിച്ചൊരാൾ പിറ്റേന്ന് രാവിലെ എട്ട് മണിക്ക് ഭക്ഷണം കഴിക്കാതെ വേണം പരിശോധന നടത്താൻ.

ഒരു പ്രത്യേക പ്രായത്തിൽ മാത്രം കൂടുന്നതല്ല കൊളസ്ട്രോൾ എന്ന് തിരിച്ചറിയുക. 16 വയസ്സുള്ളവരിൽപോലും ചീത്തകൊളസ്ട്രോൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമുണ്ട്. കൊളസ്ട്രോൾ കൂടുന്നതിന് പ്രായമോ വണ്ണക്കൂടുതലോ ഒന്നും ഒരു ഘടകമേയല്ല. വളരെ മെലിഞ്ഞിരിക്കുന്നവർക്കും വർദ്ധിച്ച കൊളസ്ട്രോൾ ഉണ്ടെന്നാണ് നിരീക്ഷണങ്ങൾ തെളിയിക്കുന്നത്.

ഇറച്ചിയും കൊഴുപ്പും കൂടുതൽ കഴിക്കുന്നവർക്കും വ്യായാമമില്ലാത്തവർക്കുമാണ് കൊളസ്ട്രോൾ ഉണ്ടാകുന്നതെന്ന ധാരണയും അത്ര ശരിയല്ല. ഇത്തരം ആൾക്കാരിൽ കൊളസ്ട്രോൾ കൂടാനുള്ള സാദ്ധ്യതയുണ്ടെന്നത് ശരി തന്നെ. എന്നാൽ, ശീലിച്ച സമയത്ത് ആഹാരം കഴിക്കാത്തവരിലും അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ അന്നജം കൂടുതലടങ്ങിയ ഭക്ഷണം പ്രധാനമായി കഴിക്കുന്നവരിലും തീരെ വ്യായാമം ഇല്ലാത്തവരിലുമാണ് കൊളസ്ട്രോൾ അധികമായി കാണുന്നത്.

ഭക്ഷണത്തിൽ
ശ്രദ്ധ വേണം

കൊളസ്‌ട്രോൾ പല വിധമുണ്ട്. എൽ.ഡി.എല്ലും എച്ച്.ഡി.എൽ കൊളസ്‌ട്രോളുമാണ് അതിൽ പ്രധാനം. ഇത്തരം കൊളസ്‌ട്രോളുകളുടെ നില കണക്കിലെടുത്താണ് ഒരാളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നത്. ചീത്ത കൊളസ്‌ട്രോളിന്റെ സാന്നിധ്യം കൂടുതലായി കാണുന്നത് ഗുരുതരമായ അവസ്ഥയിൽ കൊണ്ടെത്തിക്കാം.

അധികമായ കൊളസ്‌ട്രോൾ രക്തധമനികളിൽ അടിഞ്ഞ് കൂടുകയും തുടർന്ന് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാർട്ട് അറ്റാക്ക്,​ പക്ഷാഘാതം അടക്കമുളള ഗുരുതര പ്രശ്നങ്ങൾക്ക് വഴി വയ്ക്കും.

കൊളസ്‌ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുകയും പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.

അവക്കാഡോ (വെണ്ണപ്പഴം) കഴിക്കുന്നത് ചീത്തകൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും നല്ലതാണ്.

ഓട്സും ബാർലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ആപ്പിൾ, മുന്തിരി, ഓറഞ്ചു പോലുള്ള സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കാം.

നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ കൊളസ്‌ട്രോള്‍ കുറയ്ക്കാൻസഹായിക്കും.

ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസിഡിറ്റി, ഫാറ്റി ലിവർ എന്നിവ തടയാനും സഹായിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിന്‍' ഇതിന് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ്. പ്രമേഹരോഗികൾ ഇഞ്ചി നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ കൂട്ടാനും

നെല്ലിക്ക നല്ലതാണ്. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക നല്ലതാണ്.