india-us-

രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ അയൽ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ചും ചൈനയിൽ നിന്നും ഉയരുന്ന വർദ്ധിച്ച ഭീഷണിക്കിടെ കഴിഞ്ഞ ദിവസം അമേരിക്കയുമായി ഒപ്പുവച്ച സൈനിക കരാർ പരമപ്രാധാന്യമുള്ളതാണ്. ചൈനയെയും പാകിസ്ഥാനെയും നിരീക്ഷിക്കാനുള്ള യു.എസ് ചാര ഉപഗ്രഹങ്ങളിൽ നിന്നുള്ള തന്ത്രപ്രധാന വിവരങ്ങൾ ഈ കരാർ പ്രകാരം ഇനി ഇന്ത്യയ്ക്കു ലഭിക്കും. ചൈനയെപ്പോലെ തന്നെ പാകിസ്ഥാനിൽ നിന്നുയരുന്ന ഭീകര ഭീഷണിയും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന വിപത്താണ്. ഈ

രണ്ടു രാജ്യങ്ങളിൽ നിന്നും ലോക സമാധാനത്തിനു നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ അത് വലിയ ആപത്തിലേക്കായിരിക്കും ഈ മേഖലയെ നയിക്കുക എന്ന ബോദ്ധ്യമാണ് പുതിയ ഇന്ത്യ - യു.എസ് സൈനിക കരാർ സാദ്ധ്യമാക്കിയത്. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായി നടത്തിയ ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതായി.

ഉന്നത സൈനിക സാങ്കേതിക വിദ്യകളും വ്യോമ - ഭൗമ ഭൂപടങ്ങളും യു.എസ് സൈനിക ഉപഗ്രഹങ്ങളിൽ നിന്നുള്ള രഹസ്യ വിവരങ്ങളടക്കം തന്ത്രപ്രധാന വിവരങ്ങളുമൊക്കെ ഇന്ത്യയ്ക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളിൽ നിന്നു ഭീഷണി ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യൻ ജനതയ്ക്കൊപ്പം നിൽക്കാനും ആവശ്യമായ സൈനിക സഹായങ്ങൾ നൽകാനും അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ പ്രഖ്യാപനം നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഏറെ വിലപ്പെട്ടതാണ്.

അതിർത്തികളിൽ അടുത്തകാലത്തായി ചൈന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രകോപനങ്ങൾ ഇപ്പോഴും തുടരുകയാണ്. ചൈന ഭൂവിസ്‌തൃതി വർദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അതിനൊപ്പം ലോകത്തെ തന്നെ ഒന്നാമനാകാനുള്ള ശ്രമത്തിൽ വേണ്ടാത്തതും അരുതാത്തതുമായ അനവധി കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. ലോകസമാധാനത്തിനു തന്നെ ഗുരുതരമായ ഭീഷണി ഉയർത്തുന്ന തലങ്ങളിലേക്ക് അതു വളർന്നുകൊണ്ടിരിക്കുകയാണ്. സൈനിക തലത്തിലും പ്രകോപനപരമായ നടപടികളിലൂടെ ലോക രാജ്യങ്ങൾക്ക് അവർ വെല്ലുവിളി ഉയർത്തുന്നു. ഏറ്റവും ഒടുവിൽ ലോകത്തെ ഒന്നടങ്കം പാടേ തളർത്തുകയും നിശ്ചലമാക്കുകയും ചെയ്ത കൊവിഡ് മഹാമാരി ചൈനീസ് സൃഷ്ടിയാണെന്ന പാശ്ചാത്യ ചിന്ത പ്രബലമായി നിൽക്കുകയാണ്. ചൈനീസ് വൻ നഗരങ്ങളിലൊന്നായ വുഹാനിലെ ലാബിൽ നിന്നാണ് കൊവിഡ് വൈറസ് പുറത്തുവന്നതെന്ന ആക്ഷേപവുമായി അമേരിക്ക ഉൾപ്പെടെ പല സമ്പന്ന രാജ്യങ്ങളും രംഗത്തുവരികയുണ്ടായി.

എല്ലാ രംഗത്തുമുള്ള ചൈനീസ് കടന്നുകയറ്റത്തിനെതിരെ ഒന്നിച്ചുനിന്നു പോരാടാനുള്ള ആഹ്വാനമാണ് യു.എസ് പ്രതിനിധികൾ ഡൽഹിയിൽ നടത്തിയത്. ജനാധിപത്യത്തോടും സ്വാതന്ത്ര്യത്തോടും തെല്ലും ബഹുമാനമില്ലാത്ത ചൈനയെ ഇവ്വിധം അഴിച്ചുവിട്ടാൽ ലോകത്തിനു മൊത്തത്തിൽ അതു വലിയ അപകടം ചെയ്യുമെന്നതുകൊണ്ടാണ് ഇപ്പോഴത്തെ തന്ത്രപ്രധാനമായ പ്രതിരോധ കരാർ ഒപ്പുവയ്ക്കുന്നതെന്ന് പോംപിയോ വ്യക്തമാക്കിയിരുന്നു. അടുത്ത മൂന്നാം തീയതി നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും യു.എസ് സെക്രട്ടറിമാരുടെ ഡൽഹി സന്ദർശനം നടന്നത് പ്രത്യേകം ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിനുശേഷം അമേരിക്കയിൽ ഭരണമാറ്റമുണ്ടായാൽ പോലും ഇന്ത്യയോടുള്ള ഇപ്പോഴത്തെ സമീപനത്തിൽ മാറ്റമുണ്ടാവുകയില്ലെന്ന ശക്തമായ സൂചനകൾ ഇരുപക്ഷത്തുനിന്നും ഇതിനകം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ഒപ്പുവച്ച കരാറിന് ഏറെ പ്രസക്തിയുമുണ്ട്. പ്രതിരോധവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ അടുത്തകാലത്ത് ഒപ്പിടുന്ന നാലാമത്തെ കരാറാണിത്.

ചൈനയുടെയും മറ്റും മിസൈൽ വിക്ഷേപണങ്ങളും യുദ്ധവിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കാൻ അമേരിക്കൻ സഹകരണം വഴി സാദ്ധ്യമാകും. ശത്രുരാജ്യങ്ങളിലെ സൈനിക താവളങ്ങൾ കണ്ടെത്താനും സംഘർഷമുണ്ടാകുമ്പോൾ കൃത്യമായി അവയെ ആക്രമിക്കാനും യു.എസ് ഉപഗ്രഹ വിവരങ്ങൾ സഹായകമാകും. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ നീക്കങ്ങൾ കൂടുതൽ സൂക്ഷ്മമായി കണ്ടെത്തി ശേഖരിക്കുന്ന വിവരങ്ങൾ യു.എസ് ഉപഗ്രഹങ്ങളിൽ നിന്നു യഥാസമയം ഇനി ഇന്ത്യയ്ക്കു ലഭിക്കും. പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര പരിശീലന ക്യാമ്പുകൾ കണ്ടെത്തി കൃത്യതയോടെ തകർക്കാൻ ഉപഗ്രഹ ചിത്രങ്ങൾ ഏറെ സഹായകമാകുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. ചൈനയെപ്പോലെ തന്നെ പാകിസ്ഥാനും ലോക സമാധാനത്തിന് വൻ ഭീഷണിയാണെന്ന യാഥാർത്ഥ്യം അമേരിക്കയ്ക്കു കൂടുതൽ ബോദ്ധ്യമായിത്തുടങ്ങിയെന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ഏറ്റവും നവീനമായ ഡ്രോണുകളും കരാർ പ്രകാരം ഇനി ഇന്ത്യയ്ക്കു ലഭിക്കും. നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കാവുന്നവയാണ് ഈ ഡ്രോണുകൾ.

ഏഷ്യാ - പസഫിക് മേഖലയിൽ അധീശത്വം സ്ഥാപിക്കാൻ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളിൽ അമേരിക്കയ്ക്ക് സ്വാഭാവികമായും വളരെയധികം ആശങ്കയുണ്ട്.

ചൈനയ്ക്കെതിരെ മേഖലയിൽ വിശാല സഖ്യമുണ്ടാക്കുന്നതിൽ ഇന്ത്യയുടെ സഹകരണവും പങ്കാളിത്തവും പ്രധാനമാണ്. പുതിയ സൈനിക സഹകരണ കരാറിനു പിന്നിൽ ഇങ്ങനെയൊരു അനിവാര്യത കൂടിയുണ്ട്.

ഏതു നിലയിൽ നോക്കിയാലും അതിർത്തിക്കപ്പുറത്തുനിന്ന് ശത്രുനീക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള ചങ്ങാത്തം ശക്തമാക്കുന്നത് ആവശ്യം കൂടിയാണ്. ഈ യാഥാർത്ഥ്യം മനസിലാക്കുന്നതുകൊണ്ടാകാം കരാറിനെതിരെ രാജ്യത്ത് വിമർശനങ്ങൾ ഉയരാത്തത്. ഏതു സമയത്തും ആക്രമിക്കാനൊരുങ്ങി നിൽക്കുന്ന ശത്രുവിനെ നേരിടാൻ നമ്മുടെ പ്രതിരോധ വിഭാഗങ്ങളും എല്ലാ നിലകളിലും ശക്തമാണ്. അതിനൊപ്പം പ്രബല ശക്തിയുടെ സഹായ സഹകരണങ്ങൾ കൂടി ഉണ്ടെങ്കിൽ ശത്രുവും ഒന്നു പതറുമെന്നതിൽ സംശയമില്ല. രാജ്യത്തിന്റെ പ്രദേശപരമായ അഖണ്ഡത ചോദ്യം ചെയ്യാനൊരുങ്ങുന്ന ശത്രുവിന്റെ ഏതു നീക്കത്തെയും പരാജയപ്പെടുത്തേണ്ടത് അഭിമാന പ്രശ്നം കൂടിയാണ്. ലഭ്യമായ ഏതു കോണിൽ നിന്നും അതിനായി സഹായം സ്വീകരിക്കുന്നതിലും അപാകതയൊന്നുമില്ല.