
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ബാറുകൾ അടുത്തയാഴ്ച തുറന്നേക്കും. ഇതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ബാറുകൾ തുറക്കണമെന്ന നിലപാടിലാണ് സർക്കാർ. നവംബർ 5 ന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് സൂചന. അതിനുമുമ്പ് ബാറുകൾ തുറന്നില്ലെങ്കിൽ, ഫലപ്രഖ്യാപനം കഴിഞ്ഞേ തുറക്കാനാകൂ. അത് ഡിസംബർ അവസാനമാകും. അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പും നടത്തേണ്ടിവരും. ഈ സാഹചര്യത്തിലാണ് ബാറുകൾ വേഗം തുറക്കാനൊരുങ്ങുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ പ്രവർത്തിക്കുന്നതിനാൽ ഇവിടെയും തുറക്കാൻ അനുവദിക്കണമെന്ന് കാണിച്ച് എക്സൈസ് വകുപ്പ് സർക്കാരിന് ഒരു മാസം മുമ്പ് കത്ത് നൽകിയിരുന്നു. ബാർ ഉടമകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ട എന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. ആ തീരുമാനം മാറ്റിയാണ് ബാറുകൾ തുറക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബാർ തുറക്കുന്നത് അനുകൂലമാവുമെന്ന വിലയിരുത്തലുമുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എക്സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങൾ ബാറുകളിൽ പരിശോധന നടത്തും. ഒരു മേശയ്ക്ക് ഇരുവശവും രണ്ട് പേർക്ക് മാത്രം ഇരിക്കാം. കൃത്യമായ അകലം പാലിക്കണം. മേശകൾക്കിടയിലും അകലം വേണം. ഭക്ഷണം പങ്കുവച്ച് കഴിക്കാൻ അനുവദിക്കില്ല. ബാർ ജീവനക്കാർ മാസ്കും കൈയുറയും ധരിക്കണം. നിലവിൽ പാഴ്സൽ കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്.