
കൊച്ചി: പ്രതിദിനം നാലു മണിക്കൂർ വരെ തുടർച്ചായി നീളുന്ന ഓൺലൈൻ ക്ലാസുകൾ. പിന്നീടുള്ള ഹോം വർക്കുകൾ. ഒരു ദിവസം എട്ടു മണിക്കൂർ വരെ മൊബൈൽ, കമ്പ്യൂട്ടർ, ടി.വി.സ്‌ക്രീനുകളിലെ വെള്ളിവെളിച്ചത്തിലേക്ക് പഠനം ചുവടുമാറിയതോടെ കുരുന്നു കണ്ണുകൾക്ക് വിശ്രമമില്ലാതാവുന്നു.
ഇ പഠനം കുട്ടികളെ കാഴ്ചപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി നേത്രരോഗ വിദഗ്ദ്ധർ പറയുന്നു. മൂന്നു മാസത്തിനിടെ കണ്ണാശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ 25 ശതമാനം വരെ വർദ്ധനവുണ്ടായി. കണ്ണുവേദന, തലവേദന, കണ്ണിനു ചുവപ്പു നിറം തുടങ്ങി നിരവധി അസുഖങ്ങളാണ് കുട്ടികൾ പറയുന്നത്. പലരുടെയും കണ്ണടകളുടെ പവറു കൂട്ടേണ്ട സ്ഥിതിയാണ്.
ഫോണുകൾ ഇപ്പോൾ പഠനത്തിനും, അസൈൻമെന്റുകൾക്കും, പരീക്ഷകൾക്കും വരെ ഉപയോഗിക്കേണ്ട അവസ്ഥയാണ്. ദൂരവ്യാപകമായ പ്രശ്നത്തിലേക്ക് നയിക്കാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇവ ശ്രദ്ധിക്കുക:
വെളിച്ചത്തിൽ ഇരുന്നു വായിക്കുക.
ഇരുട്ടത്തു കട്ടിലിൽ കിടന്ന് മൊബൈലിൽ നോക്കുന്ന ശീലം ഒഴിവാക്കുക
കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്നവർ 20 മിനിറ്റ് ഇടവേളകൾ എടുക്കുക
ലാപ്‌ടോപ്, ടാബ്, ഫോൺ എന്നിവ ഉപയോഗിക്കുമ്പോൾ കുറഞ്ഞത് 35 സെന്റീമീറ്റർ അകലത്തിൽ വയ്ക്കുക
കണ്ണ് ഇടയ്ക്കിടയ്ക്ക് ചിമ്മി തുറക്കുന്നത് വളരെ നല്ലതാണ്.
കൂടുതൽ നേരം ലാപ്‌ടോപ്പെല്ലാം ഉപയോഗിക്കുമ്പോൾ ഇടയ്ക്ക് കുറച്ചു നേരം ദൂരെ നോക്കിയിരിക്കുന്നതും കണ്ണിന്റെ സമ്മർദ്ദം കുറയ്ക്കും.
നേത്ര സംരക്ഷണം അത്യന്താപേക്ഷിതം
വിസ്തൃതിയുള്ള ബോർഡിൽ നിന്ന് ചെറിയ പ്രതലത്തിലേക്ക് കാഴ്ച്ച കേന്ദ്രീകരിക്കപ്പെടുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാവാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവ കുറയ്ക്കാൻ സാധിക്കും.
എന്തെങ്കിലും ബുദ്ധിമുട്ടികൾ തോന്നിയാൽ കൃത്യമായ ചികിത്സ തേടണം.
ഡോ. എൻ.എസ്.ഡി. രാജു
നേത്രരോഗ വിദ്ഗ്ദ്ധൻ
ഡോ. എൻ.എസ്.ഡി. രാജു ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ