
മുടപുരം: ഓൺലൈൻ പഠനസൗകര്യം ലഭ്യമാകാത്ത വിദ്യാർത്ഥികൾക്കായി കിഴുവിലം ഗ്രാമ പഞ്ചായത്തിൽ 34 ഓൺലൈൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് എം.എൽ.എയുടെ ആസ്തി വികസനഫണ്ട്, ഗ്രാമ പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് 34 ടി.വി സ്ഥാപിച്ചതാണ് ഓൺലൈൻ പഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 32 എണ്ണവും ഗ്രാമ പഞ്ചായത്ത്, ബി.ആർ.സി എന്നീ ഫണ്ടുകൾ ഉപയോഗിച്ച് ഓരോ ടി.വിയുമണ് സ്ഥാപിക്കുന്നത്. ഇവ സ്ഥാപിക്കുന്നതിനുള്ള അനുബന്ധ ചെലവുകൾ ഗ്രാമപഞ്ചായത്ത് വഹിക്കും. പഞ്ചായത്തിലെ 29 അംഗൻവാടികൾ, മുടപുരം പ്രേംനസീർ സ്മാരക ഗ്രന്ഥശാല, ആയുർവേദ ജംഗ്‌ഷൻ വിവേകോദയം ഗ്രന്ഥശാല, ഡീസന്റ് മുക്ക് സേവാകേന്ദ്രം, പുരവൂർ സാംസ്‌കാരിക കേന്ദ്രം എന്നീ കേന്ദ്രങ്ങളിലാണ് ടെലിവിഷൻ സ്ഥാപിച്ച് പഠന കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. ഇതിനു പുറമെ പൊതുപ്രവർത്തകർ സംഭാവന ചെയ്ത ടി.വി മാമം ചൈതന്യ റസിഡന്റ്സ് അസോസിയേഷനിൽ സ്ഥാപിക്കും. ഇതിന്റെ പഞ്ചായത്ത്തല ഉദ്‌ഘാടനം കഴിഞ്ഞ ദിവസം കാട്ടുമുറാക്കൽ അംഗൻവാടിയിൽ ഡപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എസ്. ശ്രീകണ്ഠൻ, ജി. ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മിനി. ജി, നഴ്സറി ടീച്ചർ ലൈലാ ബീവി, ഷൈലാ ബീവി തുടങ്ങിയവർ സംസാരിച്ചു.