ജാമ്യത്തുക മറ്റ് പ്രതികളെക്കാൾ കൂടുതൽ
തിരുവനന്തപുരം: മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്തി ഇടത് അംഗങ്ങൾ നിയമസഭയിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി.ജലീലും കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. മറ്റ് പ്രതികൾക്ക് 35,000 രൂപ വീതമായിരുന്നു ജാമ്യത്തുകയെങ്കിൽ മന്ത്രിമാർ 36,683 രൂപ വീതം കെട്ടി വയ്ക്കാൻ കോടതി നിർദ്ദേശിച്ചു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ആർ. ജയകൃഷ്ണനാണ് കേസ് പരിഗണിച്ചത്.
പൊതു താത്പര്യം കണക്കിലെടുത്ത് മന്ത്രിമാരും എം.എൽ.എമാരും പ്രതികളായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി കോടതി നേരത്തെ തളളിയിരുന്നു. ഹാജരാകുന്നതിൽ നിന്ന് മന്ത്രിമാരെ ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യവും തള്ളിയിരുന്നു. തുടർന്നാണ് മന്ത്രിമാർ നേരിട്ടെത്തി ജാമ്യം എടുത്തത്.
പതിനൊന്ന് മണിക്ക് കേസ് വിളിച്ചപ്പോൾ പ്രതികൾ ഹാജരായിരുന്നില്ല. മന്ത്രിമാർ വരാൻ വെെകുമെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ മറ്റ് പ്രതികൾ എവിടെ എന്ന് കോടതി ചോദിച്ചു. കേസ് വീണ്ടും വിളിക്കുമ്പോൾ മറ്റ് പ്രതികൾ ഹാജരായില്ലെങ്കിൽ ജാമ്യം റദ്ദാക്കി വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി താക്കീത് ചെയ്തു. മുക്കാൽ മണിക്കൂർ കഴിഞ്ഞ് കേസെടുത്തപ്പോൾ എല്ലാ പ്രതികളും ഹാജരായി. കുറ്റപത്രം വായിക്കുന്നതടക്കമുളള നടപടികൾ മാറ്റിവച്ച കോടതി കേസ് വീണ്ടും നവംബർ 12 ന് പരിഗണിക്കും.
2015 മാർച്ച് 13നാണ് നിയമസഭയിൽ അതിക്രമങ്ങൾ നടന്നത്. ഇതിൽ ഖജനാവിന് 2,20,093 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ക്രെെംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നത്. മന്ത്രിമാർക്ക് പുറമെ അന്നത്തെ എം.എൽ.എ മാരായിരുന്ന കെ.അജിത്, സി.കെ.സദാശിവൻ, കെ.കുഞ്ഞുമുഹമ്മദ്, വി.ശിവൻകുട്ടി എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്.