തിരുവനന്തപുരം: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്രഡിയിലെടുത്തതിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധമിരമ്പി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളെല്ലാം പ്രതിഷേധപ്രകടനങ്ങളുമായെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പ്രതിഷേധങ്ങൾ. സെക്രട്ടേറിയറ്റ് നടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് റോഡിൽ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ എം.എസ്. ബാലു,​ നിനോ അലക്‌സ്,​ വിനോദ് കോട്ടുകാൽ,​ നേമം ഷജീർ,​ സുധീ‍ർഷാ പാലോട് തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്‌തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്‌നജിത്ത് സംസാരിച്ചു. പ്രശാന്ത് മുട്ടത്തറ, പാറയിൽ മോഹനൻ, പുഞ്ചക്കരി രതീഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. സമരക്കാർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്, ജലീൽ മുഹമ്മദ്, ആർ. ഹരികുമാർ, അഭിലാഷ് ആർ. നായർ, എം. ശ്രീകണ്ഠൻ നായർ, പാറശാല സുധാകരൻ, അഡോൾഫ് മൊറായിസ്, മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്‌മി, മണ്ണാമൂല രാജൻ എന്നിവർ നേതൃത്വം നൽകി. യുവമോർച്ച സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി പാപ്പനംകോട് നന്ദു ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എസ്.എം. ആനന്ദ് അദ്ധ്യക്ഷനായി. നേതാക്കളായ സി.ആർ. വിപിൻ, വിഷ്ണു, ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. മഹിളാ കോൺഗ്രസ്,​ മുസ്ലിം ലീഗ്,​ എം.എസ്.എഫ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.