kanam

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാൻ സംസ്ഥാന സർക്കാർ കൈകൊണ്ട തീരുമാനത്തെ എതിർക്കുന്നവർ 'കുരുടൻ ആനയെ കണ്ടത് പോലെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു.

പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സംവരണം. നിലവിലുള്ള സംവരണത്തിൽ ഒരു കുറവുമുണ്ടാവില്ല. ഓപ്പൺ മെറിറ്റിൽ ഇപ്പോഴുള്ള 50 ശതമാനത്തിൽ നിന്നാണ് പത്തു ശതമാനം നീക്കി വയ്ക്കുന്നത്.റിട്ട. ജസ്റ്റിസ് കെ. ശശിധരൻ നായർ കൺവീനറായ രണ്ടംഗ കമ്മിറ്റി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരു മാനം.. കാര്യങ്ങൾ മനസ്സിലാക്കാതെയാണ്, പിന്നാക്കക്കാർക്ക് എതിരായാണെന്ന നിലയിൽ സാമുദായിക സംഘടനകളെ ഒരുമിച്ചു കൂട്ടാൻ മുസ്ലീം ലീഗ് ശ്രമിക്കുന്നത്.

മുന്നാക്ക സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ വിമർശനം ശ്രദ്ധയിൽപെടുത്തിയപ്പോൾ ,അദ്ദേഹം അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് സംശയ നിവൃത്തി വരുത്തുകയാണ് വേണ്ടതെന്നായിരുന്നു മറുപടി.

സീറോ മലബാർ സഭ കാര്യങ്ങൾ മനസ്സിലാക്കിയാണ് പ്രതികരിച്ചിട്ടുള്ളത്.

ശിവശങ്കറിന്റെ അറസ്റ്റ്
സർക്കാരിനെ ബാധിക്കില്ല

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് കസ്റ്റഡിയിലെടുത്തത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് കാനം പറഞ്ഞു.

ശിവശങ്കർ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ല. ആരോപണമുയർന്നപ്പോൾ തന്നെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. സിവിൽ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത ഒരു ദിവസം ചൂണ്ടിക്കാണിക്കാനാവുമോയെന്നും കാനം ചോദിച്ചു.