sivasankar

തിരുവനന്തപുരം: ആയുർവേദ ചികിത്സയിലായിരുന്ന എം.ശിവശങ്കറിനെ വഞ്ചിയൂരിലെ ത്രിവേണി ആശുപത്രിയിൽ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി,​ പതിനഞ്ചു മിനിറ്റിൽ.കള്ളപ്പണ കേസിൽ ഇ.ഡിയുടെയും ഡോളർ കടത്തിൽ കസ്റ്റംസിന്റെയും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയത് 10.22 ന്. കസ്റ്റഡിയും അറസ്റ്റുമായി മുന്നോട്ടു പോകാൻ അന്വേഷണ ഏജൻസിക്കു തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെ എൻഫോഴ്സ്മെന്റിന്റെ ഹുണ്ടായ് വെർണ കാർ ആശുപത്രിയിലെത്തി. വെള്ള കാറിൽ ഡ്രൈവർ മാത്രം. രാവിലെ പത്തിനു തന്നെ രണ്ട് ഇ.ഡി ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ആശുപത്രിയിലെത്തിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ വിവരമെത്തിയതോടെ ഉദ്യോഗസ്ഥർ ആശുപത്രി എം.ഡി ഡോ.സി.സുരേഷ് കുമാറിന്റെ മുറിയിലേക്ക്.ശിവശങ്കറിന്റെ പേരെഴുതിയ സമൻസ് നീട്ടിയപ്പോൾ,​ ആറാം നിലയിലെ മുറിയിലുള്ള ശിവശങ്കറിന് നേരിട്ട് നൽകാൻ ഡോ. സുരേഷിന്റെ നിർദ്ദേശം. ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ മുറിയിലെത്തി സമൻസ് കൈമാറി. മുറിയിലുണ്ടായിരുന്നത് ശിവശങ്കറിന്റെ രണ്ട് സഹോദരന്മാർ. കസ്റ്റഡിയിലെടുക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിയിച്ചു. സമയം 10.38.നടുവേദന സുഖപ്പെട്ടിട്ടില്ലെന്നും ഞവരക്കിഴിയും യോഗവസ്തിയും ആരംഭിച്ചിട്ടേയുള്ളൂവെന്നും എട്ടു ദിവസത്തെ ചികിത്സ ബാക്കിയുണ്ടെന്നും ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞെങ്കിലും, ഒപ്പം വരാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. എതിർപ്പു പറയാതെ മുറിവിട്ട് ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പം ശിവശങ്കർ ലിഫ്‌റ്റിലേക്ക്. 10 50ന് അദ്ദേഹത്തെ ആശുപത്രിക്കു റത്തെത്തിച്ച് കാറിൽ കൊച്ചിയിലേക്ക്. എന്തെങ്കിലും പറയാനുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി മൗനം.നേരത്തേ, കസ്റ്റംസ് ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ ഉയർന്ന രക്തസമ്മർദ്ദവും നെഞ്ചുവേദനയും കാരണം ശിവശങ്കറിനെ കരമന പി.ആർ.എസ് ആശുപത്രിയിലും,​ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. നടുവേദന മാത്രമുള്ള ശിവശങ്കറിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത് അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയർന്നു. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ 19 നു തന്നെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശിവശങ്കർ അന്നു മുതൽ ആയുർവേദ ചികിത്സയിലായിരുന്നു.