തിരുവനന്തപുരം: പത്തുദിവസത്തെ നവരാത്രി പൂജയ്‌ക്കും ഒരു ദിവസത്തെ നല്ലിരുപ്പിനും ശേഷം നവരാത്രി വിഗ്രഹങ്ങളുടെ മാതൃക്ഷേത്രങ്ങളിലേക്കുള്ള യാത്ര തുടങ്ങി. പതിവിൽ നിന്നും നേരത്തെ പുറപ്പെട്ട വിഗ്രഹയാത്ര വഴിയിൽ ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കിയാണ് നടത്തുന്നത്. ഇന്നലെ രാവിലെ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിൽ നിന്നും സരസ്വതി വിഗ്രഹത്തെയാണ് ആദ്യം എഴുന്നള്ളിച്ചത്. കിഴക്കേകോട്ട കടന്ന് കിള്ളിപ്പാലത്തെത്തിയപ്പോൾ ആര്യശാല ഭഗവതിക്ഷേത്രത്തിൽ നിന്നും വേളിമല കുമാരസ്വാമി, ചെന്തിട്ട ക്ഷേത്രത്തിൽ നിന്നും ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ ചെറിയ വാഹനങ്ങളിൽ ഒപ്പമെഴുന്നള്ളിച്ചു. മൂന്നു വിഗ്രഹങ്ങൾക്കും പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷം നെയ്യാറ്റിൻകരയിലേക്കുള്ള യാത്ര പുറപ്പെട്ടു. വൈകിട്ട് നെയ്യാറ്റിൻകരയിൽ ഇറക്കിപ്പൂജ നടത്തി. ഇന്ന് ഉച്ചയോടെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെത്തിക്കുന്ന വിഗ്രഹങ്ങളെ നാളെ രാവിലെ പദ്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. കൊട്ടാരത്തിലെത്തുമ്പോൾ ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുപോയ ഉടവാൾ പുരാവസ്‌തുവകുപ്പ് അധികൃതർക്ക് കൈമാറും. ഉടവാൾ ഉപ്പിരിക്കമാളികയിലെ പൂർവ സ്ഥാനത്ത് കൊണ്ടുവയ്ക്കും. തേവാരക്കെട്ട് സരസ്വതി വിഗ്രഹത്തെ ഹോമപ്പുരക്കുളത്തിലെ ആറാട്ടിനുശേഷം ക്ഷേത്രത്തിൽ പൂജയ്‌ക്കിരുത്തും. കുമാരസ്വാമിയെ പദ്മനാഭപുരം രാജവീഥിയിലൂടെ എഴുന്നള്ളിച്ച് കുമാരകോവിലിലേക്ക് കൊണ്ടുപോകും. കൽക്കുളം ക്ഷേത്രത്തിൽ പൂജയ്‌ക്കിരുത്തുന്ന മുന്നൂറ്റിനങ്കയെ ശനിയാഴ്ച രാവിലെ ശുചീന്ദ്രത്തേക്ക് എഴുന്നള്ളിക്കും.