കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തെന്നൂർ, ഈന്തന്നൂർ, വാഴ്‌വേലി കോളനികൾ ഇനി അംബേദ്കർ ഗ്രാമം. സമഗ്ര വികസനം നടത്തുന്നതിനായി പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് ഈ മൂന്ന് കോളനികളിലെ റോഡുകൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. വീടുകൾ മെയിന്റനൻസ് ചെയ്ത് താമസ യോഗ്യമാക്കി. കോളനിയിലെ നടപ്പാത തറയോട് പാകി. തെന്നൂരിൽ സാംസ്കാരിക നിലയവും വായനശാലയും നിർമ്മിച്ചു. തെന്നൂരിൽ നിലവിലെ കുടിവെള്ള പദ്ധതി നവീകരിക്കുകയും പുതിയ കുഴൽ കിണർ നിർമ്മിച്ച് 32 വീടുകളിൽ ടാപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചു. അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷമി അമ്മാൾ, വൈസ് പ്രസിഡന്റ് എ. ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽ. ബിന്ദു, എസ്. ലിസി, എസ്.എസ്. സിനി, ബ്ലോക്ക് മെമ്പർ ജെ. മാലതി അമ്മ, വാർഡംഗം എ. ബിന്ദു എന്നിവർ പങ്കെടുക്കും.