ddd

തിരുവനന്തപുരം:കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്നു പിടിച്ചെടുത്ത് നൂതന പദ്ധതികളുമായി ജനങ്ങളുടെ അംഗീകാരം നേടിയ ജില്ലാ പഞ്ചായത്ത് ഭരണം നിലനിറുത്താൻ എൽ.ഡി.എഫ് പദ്ധതികൾ തയ്യാറാക്കുമ്പോൾ കഴിഞ്ഞ തവണ കൈവിട്ടുപോയ ഭരണം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ ആദ്യമായി ലഭിച്ച ഡിവിഷൻ നിലനിറുത്താനും കൂടുതൽ ഡിവിഷനുകൾ പിടിച്ചെടുക്കാനുമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഫലത്തിൽ മൂന്നു മുന്നണികൾക്കും അഗ്നിപരീക്ഷയാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബലപരീക്ഷണമായിട്ടാണ് മുന്നണികൾ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കാണുന്നത്. 26 ഡിവിഷനുകളിൽ 19 എണ്ണം നേടിയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തത്. ആറ് ഡിവിഷനുകളാണ് യു.ഡി.എഫിനുള്ളത്. വെങ്ങാനൂർ ഡിവിഷനാണ് ബി.ജെ.പിക്കുള്ളത്. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം നാലു തവണ തുടർച്ചയായി ഭരണം എൽ.ഡി.എഫിനായിരുന്നു. എന്നാൽ 2010-ൽ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. തൊട്ടടുത്തു നടന്ന 2015 ലെ തിരഞ്ഞെടുപ്പിലേതുപോലെ ഇക്കുറിയും ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് എൽ.ഡി.എഫ് ക്യാമ്പുകളിൽ. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ 49 എൽ.ഡി.എഫിനും 21 യു.ഡി.എഫിനും മൂന്നെണ്ണം ബി.ജെ.പി.ക്കുമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരെണ്ണം യു.ഡി.എഫും ബാക്കിയെല്ലാം എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. കോർപറേഷന്റെയും നാല് മുനിസിപ്പാലിറ്റികളുടെയും ഭരണവും എൽ.ഡി.എഫിനാണ്.

ഇത്തവണ പ്രസിഡന്റ് വനിതാ സംവരണമാകാനാണ് സാദ്ധ്യത. ഇക്കാര്യത്തിൽ വ്യക്തത വന്നശേഷം പ്രസിഡന്റ് സ്ഥാനാർത്ഥികളെ തീരുമാനിക്കാമെന്നാണ് മൂന്ന് മുന്നണികളുടെയും കണക്കുകൂട്ടൽ. എന്നാൽ വനിത, ജനറൽ വിഭാഗത്തിൽ ഏതായാലും ആര് നയിക്കണം എന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകളും വിലയിരുത്തലുകളും സി.പി.എമ്മിലും കോൺഗ്രസ് കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരും.

വിജയപ്രതീക്ഷയിൽ എൽ.ഡി.എഫ്

ജില്ലാപഞ്ചായത്ത് നടപ്പിലാക്കിവരുന്ന പാഥേയം,സ്‌നേഹധാര,കേദാരം, ഹരിതഭവനം,സ്‌നേഹതുമ്പി,സാരഥി, സ്‌നേഹസ്‌പർശം,ജലശ്രീ,രക്ഷ, ദിശ,വിദ്യാജ്യോതി,ജൈവസമൃദ്ധി,ഹാച്ചറി യൂണിറ്റ്,ഗ്രീൻ മിൽക്ക്,മാനസ, സെല്ലുലോയ്ഡ്,കൂത്തമ്പലം,വനജ്യോതി,വഴിയമ്പലം,സർഗവായന സമ്പൂർണ വായന,ന്യൂലൈഫ് ഭവന നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ടർമാരെ സമീപിക്കാനൊരുങ്ങുന്നത്. മുന്നണിയിൽ യാതൊരു അസ്വാരസ്യവും നിലവിലില്ലെങ്കിലും പുതുതായി വന്ന കേരളാകോൺഗ്രസ് ജോസ് കെ.മാണി വിഭാഗം,എൽ.ജെ.ഡി കക്ഷികൾക്ക് സീറ്റ് നൽകേണ്ടതു സംബന്ധിച്ചുള്ള ചർച്ച സമവായത്തിൽ തീർക്കാനാണ് ആലോചിക്കുന്നത്.

പിടിച്ചെടുക്കാൻ യു.ഡി.എഫ്

കഴിഞ്ഞതവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് ഉറച്ചു വിശ്വസിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ പാളിച്ച വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുടെ അഭാവമായിരുന്നു. ഇക്കുറി ഈ പോരായ്‌മ പരിഹരിക്കാനുള്ള ശ്രമത്തിലാണ് മുന്നണി. കേരള കോൺഗ്രസ് ജോസ് കെ.മാണിയുടെ അഭാവം ജില്ലയിലെ തിരഞ്ഞെടുപ്പിൽ സ്വാധീനിക്കില്ലെന്ന് ഇവർ കണക്കുകൂട്ടുന്നു.

കൂടുതൽ സീറ്റുകൾ നേടാൻ എൻ.ഡി.എ

കോർപറേഷൻ മേഖലകളിൽ ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ളതുപോലെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗ്രാമ മേഖലകളിൽ ബി.ജെ.പിയുടെ സ്വാധീനം വർദ്ധിച്ചു. ബി.ഡി.ജെ.എസ് ഉൾപ്പെടുന്ന എൻ.ഡി.ഇ മുന്നണി നേരത്തേയുള്ളതിനെക്കാൾ ശക്തമാണെന്നാണ് വിലയിരുത്തൽ. ദേശീയ തലത്തിൽ മോദി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വോട്ടാകുമെന്ന വിശ്വാസമാണ് മുന്നണിക്ക്.

എൽ.ഡി.എഫ് ഡിവിഷനുകൾ

വെള്ളറട,പാറശാല ,ബാലരാമപുരം,കുന്നത്തുകാൽ ,വെള്ളനാട്, ആര്യനാട്,പാലോട്, കിളിമാനൂർ,നാവായിക്കുളം,ചെമ്മരുതി, വെഞ്ഞാറമൂട്, കല്ലറ,കരകുളം,മുരുക്കുംപുഴ,മുദാക്കൽ, കണിയാപുരം,കിഴുവിലം,മണമ്പൂർ,ചിറയിൻകീഴ്

യു.ഡി.എഫ് ഡിവിഷനുകൾ

മര്യാപുരം,മലയിൻകീഴ്,ആനാട്, പൂവച്ചൽ, കാഞ്ഞിരംപാറ,കാഞ്ഞിരംകുളം.

ബി.ജെ.പി ഡിവിഷൻ

വെങ്ങാനൂർ