
10000 പേരെ അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി
തിരുവനന്തപുരം: മണ്ഡല കാലത്ത് ശബരിമലയിൽ പ്രതിദിനം 1000 പേർക്ക് മാത്രം അനുമതി നൽകാൻ ഇന്നലെ ഓൺലൈനിലൂടെ ചേർന്ന ചീഫ് സെക്രട്ടറിതല സമിതി യോഗം തീരുമാനിച്ചു. പതിനായിരം തീർത്ഥാടകരെ അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം സമിതി നിരസിച്ചു. സീസൺ തുടങ്ങിയ ശേഷം സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കും.
മണ്ഡല തീർത്ഥാടന കാലത്ത് സാധാരണ ദിവസങ്ങളിൽ 1000 പേരെയും, വാരാന്ത്യങ്ങളിൽ 2000 പേരെയും, വിശേഷ ദിവസങ്ങളിൽ 5000 പേരെയും അനുവദിക്കാമെന്നാണ് സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒരുക്കങ്ങൾക്കായി 60 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീർത്ഥാടകർ വരാതിരുന്നാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു യോഗത്തെ അറിയിച്ചു. 15 മണിക്കൂർ നട തുറക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തീർത്ഥാടകരെ പ്രവേശിപ്പിക്കാമെന്നും ബോർഡ് അറിയിച്ചു. ആവശ്യം യോഗം പൂർണമായി തള്ളിയില്ല.
തുലാമാസ പൂജയ്ക്ക് സ്വീകരിച്ച നിയന്ത്രണങ്ങൾ തുടരാനും തീരുമാനമായി. തീർത്ഥാടകർ 24 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
നിലയ്ക്കലും പമ്പയിലും ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യവുമുണ്ടാകും. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, ആരോഗ്യസെക്രട്ടറി രാജൻ ഖൊബ്രഗഡെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആരോഗ്യപ്രവർത്തകരുടെ സേവനം അഭ്യർത്ഥിച്ച് മന്ത്രി
ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സന്നദ്ധസേവനത്തിന് ഇതര സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറായവർ http://travancoredevaswomboard എന്ന വെബ്സൈറ്റിൽ നവംബർ അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സേവനമാണ് മന്ത്രി അഭ്യർത്ഥിച്ചത്.