തിരുവനന്തപുരം: നഗരസഭ തിരഞ്ഞെടുപ്പിൽ സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ച 18 സീറ്റുകളിൽ ഇത്തവണയും ജനവിധി തേടും. കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കച്ചമുറുക്കിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പാർട്ടി ഒരുങ്ങുന്നത്. പൊതുപ്രവർ‌ത്തന രംഗത്ത് സജീവമായ യുവതീയുവാക്കൾക്കായിരിക്കും മുൻഗണന. ഇവർക്കൊപ്പം പരിചയ സമ്പന്നരായ വ്യക്തിത്വങ്ങളും മത്സരത്തിന് ഇറങ്ങിയേക്കും. സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിലാണ്. മണ്ഡലം,​ലോക്കൽ കമ്മിറ്റികൾ നിർദ്ദേശിക്കുന്ന പേരുകൾ പരിശോധനകൾക്കും ചർച്ചകൾക്കും വിധേയമാക്കിയ ശേഷം ജില്ലാ കമ്മിറ്റി കൂടി ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രാദേശിക കമ്മിറ്റികളുടെ റിപ്പോർട്ട് ഉടനെ ജില്ലാ കമ്മിറ്റിക്ക് കൈമാറും. യോഗ്യരായ മൂന്നു പേരെ വീതം നിർദ്ദേശിച്ചുള്ള റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റിക്ക് കൈമാറുക. ഇതിൽ നിന്ന് കൂടിയാലോചനകൾക്ക് ശേഷമാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ വഴുതക്കാട്,​കോട്ടപ്പുറം,​ശംഖുംമുഖം,​അണമുഖം ഉൾപ്പെടെ നാലിടത്ത് അക്കൗണ്ട് തുറക്കാനേ സി.പി.ഐക്ക് കഴിഞ്ഞുള്ളൂ. ഇത്തവണ ഇൗ സീറ്റുകൾ നിലനിറുത്തുന്നതിനൊപ്പം കൂടുതൽ പേരെ നഗരസഭയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ജില്ലാകമ്മിറ്റിക്കുണ്ട്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഇത്തവണയും വഴുതക്കാട് നിന്ന് ജനവിധി തേടുന്നുണ്ട്. ശംഖുംമുഖം വനിതാ വാ‌ർഡായതോടെ വെട്ടുകാ‌ട് സോളമൻ മറ്റൊരു വാർഡിൽ മാറ്റുരയ്ക്കും. പൂജപ്പുര, കാലടി സീറ്റുകൾ പരസ്‌പരം സി.പി.എമ്മും സി.പി.ഐയും വച്ചു മാറിയേക്കും. നിലവിൽ പൂജപ്പുരയിൽ സി.പി.ഐയും കാലടിയിൽ സി.പി.എമ്മുമാണ് മത്സരിക്കുന്നത്. ഇതിന്റെ ചർച്ചകൾ സി.പി.എമ്മുമായി പുരോഗമിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ജില്ലാകമ്മിറ്റിയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ പ്രാദേശിക കമ്മിറ്റികൾക്ക് നൽകും.