
കല്ലമ്പലം: കല്ലമ്പലം മേഖലയിൽ ലഹരി ഉപയോഗവും വ്യാപാരവും തകൃതി. കല്ലമ്പലം, മാവിൻമൂട്, നാവായിക്കുളം വടക്കേവയൽ, നാറാണത്തുചിറ, കുടവൂർ ലക്ഷംവീട് വെടയത്ത് കുളം, കരിമ്പുവിള ആറുസെന്റ്, തുടങ്ങി വിവിധ സ്ഥലങ്ങളിൽ യുവാക്കൾ സംഘടിച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതായാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. വിവിധയിനം ലഹരി പദാർത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇവരിൽ വളരെ കുറച്ചുപേർ മാത്രമാണ് എക്സൈസിന്റെയും പൊലീസിന്റെയും പിടിയിലാകുന്നത്. രണ്ടു മാസത്തിനിടയിൽ നാവായിക്കുളം പള്ളിക്കൽ മേഖലകളിൽ നിന്നും എക്സൈസ് പിടികൂടിയത് നാലര കിലോ കഞ്ചാവാണ്. ഗ്രാമീണ മേഖലകളിലും കഞ്ചാവു വിൽപനയും സംഘം ചേർന്നുള്ള മദ്യപാനവും കൂടുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോയിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തിൽ കോയമ്പത്തൂർ, കൊട്ടിയം സ്വദേശികളായ യുവാക്കൾ പിടിയിലായി. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 30 കിലോ കഞ്ചാവുമായി കൊല്ലത്തു നിന്നും യാത്ര തിരിച്ച ഇവർ കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിലും കഞ്ചാവ് നൽകിയാണ് കല്ലമ്പലം ഭാഗത്ത് എത്തിയത്. സ്ഥിരമായി വാങ്ങുന്ന സംഘങ്ങളുണ്ട്. അവർ ഇത് വീണ്ടും ചെറു പൊതികളാക്കി യഥാർത്ഥ ഉപഭോക്താവിന് നൽകും. നാട്ടിൻപുറങ്ങൾ, ബീച്ച്, ഹോട്ടൽ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപന. 15 വയസ് പ്രായമുള്ളവർ വരെ ഇത് ഉപയോഗിക്കുന്നതായും അവർ വെളിപ്പെടുത്തി. കൂടാതെ മദ്യപാന സംഘങ്ങളും ഇതിന് അടിമയാണ്.
അടുത്തിടെയാണ് വർക്കല റിസോർട്ടുകളിലും, ഹോംസ്റ്റേകളിലും എക്സൈസ് ഇൻസ്‌പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെലിപാഡിന് സമീപത്തെ ആഡംബര റിസോർട്ടിൽ നിന്നു വിൽപനയ്ക്ക് സൂക്ഷിച്ച 300 ഗ്രാം കഞ്ചാവുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ മൂന്നോളം പേർ നാവായിക്കുളം പഞ്ചായത്തിലുള്ളവരാണ്. വാട്സാപ് വഴിയാണ് മയക്കുമരുന്നിന് ആവശ്യക്കാരെ കണ്ടെത്തുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർ എസ്.എം.എസ് വഴിയും മറ്റും കോഡ് ഭാഷയാണ് ഉപയോഗിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറിച്ചും വിൽപ്പന നടത്തുന്നവരെ കുറിച്ചുമുള്ള വിവരങ്ങൾ നാട്ടുകാർ പൊലീസിനും എക്സൈസിനും യഥാസമയം കൈമാറാത്തതാണ് മയക്കുമരുന്ന് വ്യാപാരം തഴച്ചുവളരുന്നതിന്റെ മുഖ്യകാരണം. കല്ലമ്പലം പൊലീസും വർക്കല എക്സൈസ് സർക്കിൾ ഓഫീസും പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തിയാൽ മാത്രമേ യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിന് അറുതിവരൂവെന്നാണ് നാട്ടുകാർ പറയുന്നത്. നിത്യേന മയക്കുമരുന്നിന് അടിമയാകുന്ന യുവാക്കൾ അക്രമാസക്തരാകുന്നതും പതിവ് കാഴ്ചയാണ്. മറ്റു ജില്ലകളിൽ നിന്നും കല്ലമ്പലത്ത് എത്തുന്ന മയക്കുമരുന്ന് മൊത്തമായും ചില്ലറയായും വാങ്ങാൻ ഇടനിലക്കാരുമുണ്ട്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ എക്സൈസിന്റെ ശക്തമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരണം
കല്ലമ്പലത്തും സമീപ പ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കും തടയിടുന്നതിനായി എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സഹകരണവും പിന്തുണയും ലഭിച്ചാലേ ഇതിന് പൂർണമായും തടയിടാനാകൂ. മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും അറിയാനിടയായാൽ എക്സൈസിനെ അറിയിക്കണം.
എം.നൗഷാദ്
(സർക്കിൾ ഇൻസ്പെക്ടർ)
വർക്കല എക്സൈസ് സർക്കിൾ ഓഫീസ് നാവായിക്കുളം
ഫോൺ: 9447556578