
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പൂജപ്പുരയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ കാറിൽ നെഞ്ചുവേദനയെടുത്ത് കുഴഞ്ഞുവീണ ശിവശങ്കർ ഇന്നലെ ഇ.ഡിയുടെ കാറിലേക്ക് നടന്നു കയറി. വഞ്ചിയൂർ ആയുർവേദ ആശുപത്രിയിലെ ആറാം നിലയിലെ മുറിയിലായിരുന്നു ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ എതിർപ്പൊന്നും കൂടാതെ ലിഫ്‌റ്റിൽ കയറി താഴെയെത്തി ഇ.ഡിയുടെ കാറിൽ കയറി. ചോദ്യംചെയ്യൽ നടപടിക്കായി ഇന്നലെ ശിവശങ്കർ ഒരുങ്ങിയിരിക്കുന്നതു പോലെയായിരുന്നു. ചികിത്സയിലുള്ള ആയുർവേദാശുപത്രി അധികൃതരോട് ശിവശങ്കറിന്റെ ആരോഗ്യനില ഇ.ഡി ആരാഞ്ഞിരുന്നു. ഈ വിവരമറിഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥരെ കരുതിയിരിക്കുകയായിരുന്നു ശിവശങ്കർ.
കഴിഞ്ഞ ഒക്ടോബർ 16നാണ് കസ്റ്റംസ് അന്വേഷണസംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് കസ്റ്റംസിന്റെ കാറിൽ കൊണ്ടുപോയത്. കാർ ജഗതിയിലെത്തിയതോടെ നെഞ്ചുവേദന വന്ന് കുഴഞ്ഞു. സ്വകാര്യാശുപത്രിയിലെ പരിശോധനയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നും നടുവേദന മാത്രമാണു പ്രശ്നമെന്നും വ്യക്തമായി. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീടാണ് വഞ്ചിയൂരിലെ ആയുർവേദാശുപത്രിയിൽ പ്രവേശിപ്പിച്ചതും മുൻകൂർ ജാമ്യ നടപടികളുമായി മുന്നോട്ടു പോയതും.