
കൊല്ലം: നടുറോഡിൽ മദ്യപിച്ച് ബഹളം വയ്ക്കുന്നുവെന്ന പരാതി അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ടുപേരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. പൻമന ചോല ഷൈജുഭവനിൽ തോമയെന്ന് വിളിക്കുന്ന വിഷ്ണു(29), പൻമന പാവൂർ പടിഞ്ഞാറ് വിനോദ്(31) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 21ന് പുലർച്ചെ 3.15ന് പൻമന ആണുവേളിൽ ക്ഷേത്രത്തിന് സമീപം നാലംഗ സംഘം മദ്യപിച്ച് റോഡിൽ ബഹളം വയ്ക്കുന്നതായി കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസ് സംഘത്തെ പിടിച്ചുതള്ളുകയും കൈയ്യേറ്റം ചെയ്യാൻ മുതിരുകയും ചെയ്ത സംഭവത്തിലാണ് ഇവരെ പിടികൂടിയത്. ഡ്യൂട്ടി തടസപ്പെടുത്തൽ, കൈയ്യേറ്റശ്രമം, ഭീഷണിപ്പെടുത്തൽ, പൊതസ്ഥലത്ത് മദ്യപാനം തുടങ്ങിയ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.