
മെൽബൺ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആസ്ട്രേലിയൻ പര്യടനത്തിന്റെ ഫിക്സ്ചർ തയ്യാറായി. 14 ദിവസത്തെ ക്വാറന്റൈൻ ഉൾപ്പെടെ 69 ദിവസം നീളുന്ന പര്യടനത്തിൽ ഇന്ത്യ മൂന്നുവീതം ഏകദിനങ്ങളും ട്വന്റി - 20 കളും നാല് ടെസ്റ്റുകളും കളിക്കും.
നവംബർ 12 നാണ് ഇന്ത്യൻ ടീം സിഡ്നിയിൽ എത്തുന്നത്. ഇവിടെ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുന്നതിനൊപ്പം പരിശീലനത്തിനായി ബയോ സെക്യുർ ബബിളും ഒരുക്കും. നവംബർ 27 ന് സിഡ്നിയിൽ ഏകദിനത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. നവംബർ 29, ഡിസംബർ രണ്ട് തീയതികളിലായി ഏകദിനങ്ങൾ നടക്കും. ഡിസംബർ 4, 6, 8 തീയതികളിലായി ട്വന്റി - 20 കൾ നടക്കും. അഡ്ലെയ്ഡിൽ ഡിസംബർ 17 ന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് ഡേ ആൻഡ് നൈറ്റ് ആയിരിക്കും. ഇതിനുമുമ്പ് രണ്ട് സന്നാഹ മത്സരങ്ങളും നടത്തും. ഇതിലെന്ന് ഡേ ആൻഡ് നൈറ്റ് ആയാകും നടത്തുക. രണ്ടാം ടെസ്റ്റ് ഡിസംബർ 26 - 30 തീയതികളിലും മൂന്നാം ടെസ്റ്റ് ജനുവരി 7 - 11 തീയതികളിലും നടക്കും.ജനുവരി 15 മുതൽ 19 വരെ ബ്രിസ്ബേനിലാണ് അവസാന ടെസ്റ്റ്.
നവംബർ 10 ന് ഐ.പി.എൽ ഫൈനൽ കഴിഞ്ഞ് ഇന്ത്യൻ താരങ്ങൾ യു.എ.ഇയിൽനിന്ന് സിഡ്നിയിലേക്ക് പോകും. കോച്ച് രവി ശാസ്ത്രി അടക്കമുള്ളവർ യു.എ.ഇയിലെത്തിയിട്ടുണ്ട്.
ഇന്ത്യ - ആസ്ട്രേലിയ ഷെഡ്യൂൾ
ഏകദിനം
1 - നവംബർ 27 - സിഡ്നി
2 - നവംബർ 29 - സിഡ്നി
3 - ഡിസംബർ 2 - കാൻബെറ
ട്വന്റി - 20
1 - ഡിസംബർ 4 - കാൻബെറ
2 - ഡിസംബർ 6 - സിഡ്നി
3 - ഡിസംബർ 8 - സിഡ്നി
ടെസ്റ്റ്
1 - ഡിസംബർ 17 - 21 (ഡേ & നൈറ്റ്)
2 - ഡിസംബർ 26 - 30 (മെൽബൺ)
3 - ജനുവരി 7 - 11 (സിഡ്നി)
4 - ജനുവരി 15 - 19 (ബ്രിസ്ബേൻ)
രോഹിത് ഫിറ്റ്നസ്
വീണ്ടെടുത്തു
അബുദാബി : പേശി വലിവിനെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മ ഫിറ്റ്നെസ് വീണ്ടെടുക്കുന്നതായി ടീം വൃത്തങ്ങൾ. ഇന്നലെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലും രോഹിത് കളിച്ചില്ലെങ്കിലും ടീമിനൊപ്പം ട്രെയിനിംഗിന് ഉണ്ടായിരുന്നു. പ്ളേ ഓഫിന് മുമ്പ് രോഹിതിന് കളിക്കളത്തിൽ ഇറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അതേ സമയം പരിക്കിനെത്തുടർന്ന് രോഹിതിനെ ആസ്ട്രേലിയൻ പര്യടനത്തിൽനിന്ന് ഒഴിവാക്കിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പരിക്കിന്റെ നിജസ്ഥിതി അറിഞ്ഞശേഷം ഉപനായകസ്ഥാനത്ത് കെ.എൽ. രാഹുലിനെ നിയോഗിക്കേണ്ടതില്ലായിരുന്നുവെന്ന് രോഹിതിന്റെ ആരാധകർ പരാതിപ്പെടുന്നുണ്ട്.