
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉപകമ്പനിയായ 'സ്വിഫ്റ്റ്' ജനുവരി ഒന്നിന് ആരംഭിക്കും. ഒരു പക്ഷിയുടെ പേരാണ് സ്വിഫ്റ്റ്. പുതിയ സി.എൻ.ജി, ഇലക്ട്രിക് ബസുകൾക്കൊപ്പം ദീർഘദൂര സർവീസുകളും ഈ കമ്പനിയുടെ കീഴിൽ കൊണ്ടു വരും. കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകർ പുതിയ കമ്പനിയുടെ എക്സ് ഒഫിഷ്യോ സി.എം.ഡി ആയിരിക്കും.
സർക്കാർ പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ച് നൂറ് ഡീസൽ ബസുകൾ കൂടി വാങ്ങും. സ്ലീപ്പർ- എട്ട്, സെമി സ്ലീപ്പർ- 20, എക്സ്‌പ്രസ്- 72 എന്നിങ്ങനെയാണ് വാങ്ങുക. നിലവിൽ സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് ഇല്ല. ഈ ബസുകളും പുതിയ കമ്പനിയിലായിരിക്കും.
പത്തു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള എം.പാനൽ ജീവനക്കാരെ സ്ഥിരിപ്പെടുത്താൻ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. പത്തു വർഷത്തിനു താഴെ സർവീസുള്ളവരെയാണ് പുതിയ കമ്പനിയിൽ താൽക്കാലികക്കാരായി നിയമിക്കുക. പിരിച്ചുവിട്ട താൽക്കാലിക മിനിസ്റ്റീരിയൽ ജീവനക്കാരെ തൽക്കാലം തിരിച്ചെടുക്കേണ്ട എന്നാണ് കെ.എസ്ആർ.ടി.സി തീരുമാനം.