res

പിന്നാക്കക്കാരുടെ ആനുകൂല്യങ്ങളെ ബാധിക്കരുതെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമേർപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ പിന്തുണയ്ക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. എന്നാൽ, നിലവിൽ പിന്നാക്കവിഭാഗക്കാർക്ക് ലഭിച്ചുവരുന്ന സംവരണാനുകൂല്യത്തെ ഇതൊരിക്കലും ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം നടപ്പാക്കുന്ന ഘട്ടത്തിൽ മുന്നാക്കക്കാർക്ക് ചില അധിക ആനുകൂല്യം ലഭിക്കാനിടയുണ്ടെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് വി.ഡി. സതീശനാണ് പ്രധാനമായും യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ പിന്നാക്കവിഭാഗക്കാരുടെ ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഇപ്പോൾ പിന്നാക്കക്കാർ അനുഭവിച്ചുവരുന്ന സംവരണാനുകൂല്യം അല്പംപോലും നഷ്ടപ്പെടാതെ വേണം മുന്നാക്ക സംവരണം നടപ്പാക്കാനെന്ന് ശക്തമായി ആവശ്യപ്പെടാനാണ് തീരുമാനം. 10 ശതമാനം സാമ്പത്തിക സംവരണത്തിന്റെ മറവിൽ പൊതുമെരിറ്റിൽനിന്ന് 20 ശതമാനം സീറ്റ് അപഹരിക്കുന്നതായി കേരളകൗമുദി റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന തരത്തിൽ ചർച്ച വികസിച്ചില്ലെന്നാണ് അറിയുന്നത്.

സാമ്പത്തികസംവരണത്തിനെതിരായുള്ളത് മുസ്ലിംലീഗിന്റെ പ്രഖ്യാപിത നിലപാടാണെങ്കിലും മുന്നണിയിൽ കൂടിയാലോചനയ്ക്ക് വഴിയൊരുക്കാതെ അവർ പ്രത്യക്ഷസമരത്തിന് മുൻകൈയെടുത്തത് യു.ഡി.എഫിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ലീഗിന്റെ എതിർപ്പ് ശരിയായതു തന്നെയാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളിൽ വൈരുദ്ധ്യമുണ്ടെന്നതും നേരത്തേ തന്നെ അറിയാവുന്നതാണ്. ഈ സാഹചര്യത്തിൽ ലീഗ് സമരത്തിനിറങ്ങും മുമ്പേ അവരുമായി മുന്നണിനേതൃത്വം മുൻകൈയെടുത്തുള്ള കൂടിയാലോചന വേണമായിരുന്നു. ലീഗ് സമരത്തിനിറങ്ങിയതോടെ, യു.ഡി.എഫിൽ ഭിന്നതയെന്ന് വരുത്താൻ സി.പി.എമ്മിനും ഇടതുമുന്നണിക്കും അവസരമുണ്ടായി. ആരോപണവിവാദത്തിൽ പ്രതിരോധത്തിലായ ഇടതുമുന്നണിക്ക് പ്രശ്നം വഴിതിരിച്ചുവിടാനുള്ള ആയുധം നൽകരുതായിരുന്നുവെന്നും വി.ഡി. സതീശനും പി.ജെ. കുര്യനും ചൂണ്ടിക്കാട്ടി. എന്നാൽ, ലീഗിന്റെ നിലപാടിൽ തെറ്റില്ലെന്നാണ് പൊതുവിൽ യോഗത്തിലെല്ലാവരും പറഞ്ഞത്.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10ശതമാനം സംവരണമെന്നത് ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടും 2011ലെ പ്രകടനപത്രികയിൽ വ്യക്തമാക്കിയതുമാണ്. ഈ നിലപാടിന്റെ ചുവടു പിടിച്ചാണ് മുന്നാക്ക സമുദായ കോർപറേഷന് യു.ഡി.എഫ് തുടക്കമിട്ടത്. ആ സ്ഥിതിക്ക് അതിനെ തത്വത്തിൽ അംഗീകരിക്കുകയായിരുന്നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി.